ബംഗളൂരു > ഹിജാബ് വിവാദത്തെ തുടർന്ന് അടച്ച കര്ണാടകയിലെ പ്രീ യൂണിവേഴ്സ്റ്റി, ബിരുദ കോളേജുകള് കനത്ത സുരക്ഷയോടെ തുറന്നു. ഉഡുപ്പി നഗരത്തിലും മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര് ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാർഥികൾ കോളേജിൽ എത്തിയില്ല. അതേസമയം സ്കൂളുകൾ തുറന്ന് രണ്ടാം ദിവസവും ചില സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചില്ല.
ചിക്കമഗളൂരു ഇന്ദവാരയിലെ ഗവ. ഹൈസ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളെ ക്ലാസിൽ കയറ്റാത്തതിനെ തുടർന്ന് രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. എസ്എസ്എൽസി മാതൃകാപരീക്ഷയെഴുതാൻ വിദ്യാർഥികളെ അനുവദിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. ഇതേ തുടർന്ന് സ്കൂളിന് ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
മൈസൂരു ജില്ലയിലെ വിവിധ സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയ 43 വിദ്യാർഥിനികൾക്ക് എസ്എസ്എൽസി മാതൃകാപരീക്ഷ എഴുതാനായില്ല. കുടകിലെ നെല്ലിഹുഡിഗേരി സ്കൂളിലും ഹിജാബ് ഒഴിവാക്കാൻ വിസമ്മതിച്ച് ഏതാനും വിദ്യാർഥിനികൾ വീട്ടിലേക്ക് മടങ്ങി. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.