കൊച്ചി> കേരളാ ടൂറിസം മികച്ചതെന്ന് കാരവാനില്‍ ലോകം ചുറ്റിയ ജര്‍മ്മന്‍ ദമ്പതിമാര്‍. 90 രാജ്യങ്ങള്‍ സഞ്ചരിച്ചെങ്കിലും കേരളം ‘സ്പെഷല്‍ പ്ലെയ്സ്’ ആയി അനുഭവപ്പെട്ടെന്ന് ഹിപ്പി ട്രെയില്‍ എന്നറിയപ്പെടുന്ന കുടുംബം പറഞ്ഞു. @hippie.trail എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ ട്രാവല്‍ വ്ളോഗ് ചെയ്യുന്ന തോര്‍ബെനും മിച്ചിയും 2021 ഓഗസ്റ്റ് മുതല്‍ കേരളത്തിലുണ്ട്. ആറ് വയസുള്ള മകന്റെയും ഒമ്പത് വയസുള്ള മകളുടെയും കൂടെയാണ് ഇവരുടെ യാത്ര.
കേരളാ ടൂറിസം പേജില്‍ വന്ന ഒരു മിനിറ്റ് വീഡിയോ റീലില്‍ ജര്‍മന്‍ കുടുംബവും ഭാഗമായിരുന്നു. തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ കോണ്‍ഫറന്‍സ് വഴി കുടുംബത്തോട് സംസാരിച്ചപ്പോഴാണ് കേരളത്തോടുള്ള ഇഷ്ടം ഇവര്‍ തുറന്നു പറഞ്ഞത്. ആലപ്പുഴ, കോവളം, കൊച്ചി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങള്‍ ഇതിനോടകം കുടുംബം സന്ദര്‍ശിച്ചു കഴിഞ്ഞു. ‘ Next to heaven in God’s own country ‘എന്നാണ് ഇവര്‍ മൂന്നാറിനെ വിശേഷിപ്പിച്ചത്.
കേരളത്തിന്റെ തനത് പ്രകൃതി സൗന്ദര്യവും ഗ്രാമ ഭംഗിയും, സംസ്കാരവും, ഭക്ഷണവും, കലര്പ്പുകളില് മത സൗഹാര്‍ദ്ദത്തില്‍ അധിവസിക്കുന്ന സാമൂഹിക മാതൃകയെ കുറിച്ചുമെല്ലാം പരപ്സരം സംസാരിക്കുകയുണ്ടായി. കാരവന് ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്ന് ഈ ലോക സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കാരവനില്‍ തൊണ്ണൂറില്‍ പരം രാജ്യങ്ങളില്‍ യാത്ര ചെയ്ത ഈ സഞ്ചാരികള്‍ കാരവന് ടൂറിസം രംഗത്ത് വലിയൊരു മാതൃകയും പാഠവുമാണ്. അത് കണക്കിലെടുത്തു കൊണ്ട് തന്നെയാണ് അവരെ നേരിട്ട് ബന്ധപ്പെടാന്‍ താല്പര്യം പ്രകടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ടൂറിസം വീഡിയോകളും മനോഹരമാണ്. കന്യാകുമാരിയില്‍ നിന്ന് തിരിച്ചു കേരളത്തിലെത്തി മലബാറിലേക്കുള്ള യാത്രയിലാണ് ആ കുടുംബമിപ്പോള്‍.
കേരള ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി തങ്ങളുടെ മികച്ച അനുഭവങ്ങള്‍ പങ്കുവെക്കുമെന്ന് അവര്‍ പറയുകയുണ്ടായി. തോര്‍ബെനും മിച്ചിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളുമെന്നും മന്ത്രി പറഞ്ഞു. ഇനിയും കണ്ടുതീരാത്ത കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ വീണ്ടും കേരളത്തിലേക്ക് വരണമെന്ന് മന്ത്രി ജര്‍മന്‍ കുടുംബത്തിനോടാവശ്യപ്പെട്ടു.