ആലപ്പുഴ> പൊതുജനങ്ങളുടെയും സംരംഭകരുടെയും ആവശ്യങ്ങൾ മനസിലാക്കി സേവനം നൽകാൻ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന് മന്ത്രി എം വി ഗോവിന്ദൻ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സേവന ഗുണമേന്മക്കുള്ള ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
പൊതുജനങ്ങളുടെ അഭിപ്രായംതേടി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം കൂടിയാണ് ഐഎസ്ഒ അംഗീകാരം. ഓഫീസുകളിലെത്തുന്ന സംരംഭകരുടെയും പൊതുജനങ്ങളുടെയും ഫയലുകൾ മതിയായ കാരണങ്ങൾ ഇല്ലാതെ മടക്കി അയയ്ക്കുന്നത് ഒഴിവാക്കണം. ഫയലുകളിലെ പിശക് ചൂണ്ടിക്കാട്ടി പരിഹരിച്ച് നടപടികൾ മുന്നോട്ടു കൊണ്ടുപോകണം. എല്ലാവിഭാഗം ജനങ്ങൾക്കും സേവനം ഉറപ്പാക്കുകയാണ് സർക്കാര് ലക്ഷ്യം. ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏകീകൃത തദ്ദേശഭരണ വകുപ്പിന്റെ പ്രഖ്യാപനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ്, നഗരസഭാംഗം എ എസ് കവിത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ് ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ രാജേഷ്കുമാർ എന്നിവർ പങ്കെടുത്തു.















