ആലപ്പുഴ> സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കണിച്ചുകുളങ്ങര വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (എം എ അലിയാർ നഗർ) പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജില്ലാസമ്മേളനം നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കിയാണ് രണ്ടു ദിവസത്തേക്ക് സമ്മേളനം ചുരുക്കിയത്.
ഇന്നലെ രാവിലെ ആരംഭിച്ച സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരൻ പതാക ഉയർത്തി. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രക്തസാക്ഷി മണ്ഡപത്തിൽ ദീപം തെളിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ താത്കാലിക അധ്യക്ഷനായിരുന്നു. രക്തസാക്ഷി പ്രമേയം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവും അനുശോചന പ്രമേയം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദും അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറാ അംഗവുമായ പിണറായി വിജയൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, എം സി ജോസഫൈൻ, ഡോ ടി എം തോമസ് ഐസക്ക്, എ വിജയരാഘവൻ, എ കെ ബാലൻ, പി കെ ശ്രീമതി, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.















