മംഗളൂരു
കർണാടകത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിച്ചില്ല. മതപരമായ വസ്ത്രം വിലക്കിയ കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതർ വിദ്യാർഥികളെ തടഞ്ഞത്. നിരവധി വിദ്യാർഥികൾക്ക് പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതാനായില്ല. ചിക്കമംഗളൂരു, തുംകൂർ, ശിവമോഗ, കുടക് എന്നിവിടങ്ങളിൽ ഹിജാബ് ധരിച്ച വിദ്യാർഥികളെ തടഞ്ഞതിൽ ചൊവ്വാഴ്ചയും രക്ഷിതാക്കൾ പ്രതിഷേധിച്ചു.
ഇന്ദവാര ഗവ. ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധത്തെ എതിർത്ത് ഒരു വിദ്യാർഥി കാവി ഷാൾ അണിഞ്ഞ് മുദ്രാവാക്യം വിളിച്ചു. സംഘർഷ സാധ്യതയെത്തുടർന്ന് സ്കൂളിന് ചൊവ്വാഴ്ച അവധി നൽകി. ശിവമോഗയിലെ കർണാടക പബ്ലിക് സ്കൂളിലും മടിക്കേരിയിലെ നെല്ലിഹുഡികേരിയിലെ കർണാടക പബ്ലിക് സ്കൂളിലും വിദ്യാർഥികളെ തടഞ്ഞു. ഉഡുപ്പി കാപ്പു ഫക്കീരകട്ടെയിലെ ഗവ. കോമ്പോസിറ്റ് ഉർദു ഹൈസ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ എട്ട് വിദ്യാർഥികളെ തടഞ്ഞെങ്കിലും പ്രതിഷേധത്തിനൊടുവിൽ പരീക്ഷയ്ക്കിരുത്തി.
ബുധനാഴ്ചമുതൽ കർണാടകയിലെ പ്രീ യൂണിവേഴ്സിറ്റി, ഡിഗ്രി കോളേജുകൾ തുറക്കും. യൂണിഫോമുള്ള കോളേജുകളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പാലിക്കണമെന്ന് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹിജാബ് വിലക്കിനെതിരായ ഹർജിയിൽ കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വാദം കേൾക്കുന്നത് ബുധനാഴ്ച തുടരും.
വിദ്യാർഥിനികളുടെ വിവരങ്ങൾ പ്രചരിപ്പിച്ച് ബിജെപി
ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച ആറ് വിദ്യാർഥിനികളുടെ വ്യക്തിഗത വിവരങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ബിജെപി. ബിജെപി കർണാടകയുടെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് വിദ്യാർഥികളുടെ പേര്, രക്ഷിതാക്കളുടെ പേര്, വിലാസം അടക്കം വിവരങ്ങൾ പങ്കുവച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ നളീൻകുമാർ കട്ടിൽ ഉൾപ്പെടെയുള്ള സംഘപരിവാറുകാരും വിവരങ്ങൾ പ്രചരിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സംഘടിതമായി വ്യക്തിവിവരങ്ങൾ വീണ്ടും ബിജെപിക്കാർ പ്രചരിപ്പിച്ചത്.















