കൊച്ചി
ഉപേക്ഷിക്കുംമുമ്പ് പോളിയോൾസ് പദ്ധതിക്കായി ബിപിസിഎൽ ചെലവഴിച്ചത് 500 കോടി രൂപയിലേറെ. സ്ഥലം ഏറ്റെടുക്കാനും നിരപ്പാക്കാനും കൺസൾട്ടൻസിയെ നിയമിക്കാനുമാണിത്. ഐആർഇപി (ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ) പദ്ധതിപ്രകാരം റിഫൈനറിയുടെ വാർഷിക സംസ്കരണശേഷി 95 ലക്ഷം ടണ്ണിൽനിന്ന് 1.55 കോടി ടണ്ണായി ഉയർത്തി. ഈ പദ്ധതിയുടെ തുടർച്ചയായി പെട്രോ കെമിക്കൽ പ്ലാന്റും വിഭാവനം ചെയ്തു. വലിയ നിക്ഷേപമുള്ള പെട്രോ എഫ്സിസിയു പ്ലാന്റ്, ഐആർഇപിയുടെ ഭാഗമായി നിർമിച്ചു. പെട്രോ എഫ്സിസിയുവിൽനിന്ന് ലഭ്യമാകുന്ന അഞ്ചുലക്ഷം ടൺ പ്രൊപിലിൻ പ്രയോജനപ്പെടുത്തി പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ നിർമിച്ചാലേ ഐആർഇപി നിക്ഷേപത്തിന്റെ ആദായം തിരിച്ചുപിടിക്കാനാകൂ. ഇതിന്റെ ഭാഗമായാണ് രണ്ടുഘട്ടമായി പെട്രോകെമിക്കൽ പദ്ധതിയുമായി ബിപിസിഎൽ മുന്നോട്ടുപോയത്.
ആദ്യഘട്ടത്തിൽ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പദ്ധതി (പിഡിപിപി) ആരംഭിച്ചു. പെട്രോ എഫ്സിസിയുവിൽ ഉൽപ്പാദിപ്പിക്കുന്ന അഞ്ചുലക്ഷം ടൺ പ്രൊപിലിന്റെ പകുതിയാണ് ഇവിടെ ഉപയോഗിക്കാനാകൂ. ഇന്ത്യയിൽ വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. രണ്ടംഘട്ടത്തിലാണ് പോളിയോൾസ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികൾ മുന്നോട്ടുപോകുന്നതിനിടെയാണ് സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചത്. റിഫൈനറിയിലെ വിവിധ പദ്ധതികളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് താൽക്കാലിക തൊഴിലാളികളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. ഉപേക്ഷിച്ച പദ്ധതിക്കായി ചെലവഴിച്ച തുക റിഫൈനറിക്കുചുറ്റും മലിനീകരണത്തിന്റെ ഭാഗമായി ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കാൻ ഉപയോഗിക്കാമായിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്.
വാങ്ങുന്നവർക്ക്
അഞ്ചു വർഷംകൊണ്ട്
മുടക്കുമുതൽ
ബിപിസിഎൽ വിൽപ്പനയിലൂടെ 50,000 മുതൽ -60,000 കോടി രൂപവരെയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കമ്പനിയുടെ കഴിഞ്ഞവർഷത്തെ ലാഭം 19,041 കോടി രൂപയാണ്. അറ്റാദായം 12,592 കോടിവരും. വാങ്ങുന്നവർക്ക് അഞ്ചു വർഷംകൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും. ബിപിസിഎല്ലിന്റെ ആസ്തികളുടെ ബാലൻസ് ഷീറ്റ് മൂല്യം 1.4 ലക്ഷം കോടി രൂപയാണ്. എന്നാൽ, യഥാർഥമൂല്യം 10 ലക്ഷം കോടിയെങ്കിലും വരുമെന്നാണ് കണക്ക്.
ബിപിസിഎല്ലിന്റെ പിൻമാറ്റം പെട്രോ കെമിക്കൽ പാർക്കിനെ ബാധിക്കില്ലെന്ന് കിൻഫ്ര
ബിപിസിഎൽ പോളിയോൾസ് പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പെട്രോകെമിക്കൽ പാർക്കിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കിൻഫ്ര. എന്നാൽ, 11,130 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച ബിപിസിഎല്ലിന്റെ തീരുമാനം രാജ്യത്തിന്റെ വ്യവസായ വികസനത്തിന് വലിയ തിരിച്ചടിയാകും. വൻതോതിൽ നിക്ഷേപം ആകർഷിക്കുമായിരുന്ന പദ്ധതി ഇല്ലാതായത് സംസ്ഥാനത്തിന് വലിയ വരുമാനനഷ്ടമുണ്ടാക്കുമെന്നും കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് പറഞ്ഞു.
അമ്പലമേട്ടിൽ ഫാക്ടിന്റെ കൈവശമുണ്ടായിരുന്ന 481 ഏക്കർ ഏറ്റെടുത്താണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് വികസിപ്പിക്കുന്നത്. ഫാക്ടിൽനിന്ന് ഏറ്റെടുത്ത 170 ഏക്കറിൽ ബിപിസിഎൽ ആരംഭിക്കുന്ന പോളിയോൾസ് പദ്ധതി അടിസ്ഥാനമാക്കിയുള്ള അനുബന്ധവ്യവസായങ്ങളാണ് പെട്രോ കെമിക്കൽ പാർക്കിൽ പ്രതീക്ഷിച്ചിരുന്നത്. പുതിയകാലത്തെ വ്യവസായമെന്ന നിലയിൽ നൂറുകണക്കിന് നിക്ഷേപകരെയും വ്യവസായികളെയും പദ്ധതി ആകർഷിച്ചിരുന്നു. എന്നാൽ, ഇതുവരെ പാർക്കിലേക്ക് ആകർഷിക്കപ്പെട്ട വ്യവസായങ്ങളെല്ലാം പോളിയോൾ പദ്ധതിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കിൻഫ്ര എംഡി പറഞ്ഞു. മരുന്ന് ഉൽപ്പാദകരെ ലക്ഷ്യമിട്ടുള്ള ഫാർമ പാർക്കും ഹെൽത്ത് കെയർ വ്യവസായങ്ങൾക്കായുള്ള പദ്ധതിയും പാർക്കിൽ പ്രഖ്യാപിച്ചിരുന്നു. അതിലേക്ക് നിരവധി സംരംഭകരിൽനിന്നും വ്യവസായികളിൽനിന്നും അന്വേഷണം എത്തുന്നുണ്ട്. പോളിയോൾസ് പദ്ധതിയെ ആശ്രയിച്ചുള്ള സംരംഭങ്ങളല്ല അവ. പാർക്ക് വികസനത്തിനുള്ള പദ്ധതികൾ കിൻഫ്രയുടെ നേതൃത്വത്തിൽ നല്ലനിലയിൽ മുന്നോട്ടുപോകുകയാണ്. എന്നാൽ, വളരെയേറെ നിക്ഷേപവും തൊഴിൽസാധ്യതയുമുണ്ടായിരുന്ന ബിപിസിഎല്ലിന്റെ പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാനത്തിന് വലിയ നഷ്ടമാകുമെന്നും കിൻഫ്ര എംഡി പറഞ്ഞു.















