തിരുവനന്തപുരം
സ്കൂളുകൾ 21 മുതൽ സാധാരണനിലയിലാക്കുന്നതിന് മുന്നോടിയായി മുഴുവൻ ജില്ലയിലും കലക്ടർമാരുടെ നേതൃത്വത്തിൽ യോഗം ചേരും. സ്കൂൾ, ക്ലാസ്തല പിടിഎ യോഗവും കൂടും. മന്ത്രി വി ശിവൻകുട്ടി വിളിച്ച അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഏപ്രിലിൽ പരീക്ഷ
ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസിലെ വാർഷിക പരീക്ഷ ഏപ്രിലിൽ നടത്താൻ ആലോചന. പാഠഭാഗങ്ങൾ നിശ്ചിത സമയത്തിനകം തീർക്കാൻ അധ്യാപകർ കർമപദ്ധതി തയ്യാറാക്കണം. പരീക്ഷയ്ക്കും മൂല്യനിർണയത്തിനും കൈക്കൊള്ളേണ്ട രീതി എസ്സിഇആർടി തീരുമാനിക്കും. മാർച്ചിൽ ക്ലാസുകൾ അവസാനിപ്പിക്കും.
ഓൺലൈനിലും ക്ലാസ്
അസുഖംമൂലം ക്ലാസിൽ വരാനാകാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നൽകും. മൊബൈൽ ഫോൺ ഉപയോഗം കുട്ടികൾക്ക് മാനസിക സംഘർഷം വർധിക്കുന്നുണ്ട്. ഇത് തടയാൻ അധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കും.
പഠനവിടവ് നികത്തും
കുട്ടികളിൽ ഉണ്ടായ പഠനവിടവ് നികത്താൻ പ്രത്യേക നടപടി സ്വീകരിക്കും. ബ്രിഡ്ജ് മെറ്റീരിയൽസ് ഉൾപ്പെടുത്തിയും വ്യക്തിഗത പിന്തുണ നൽകിയും കുട്ടികളെ സഹായിക്കേണ്ട ഉത്തരവാദിത്വം അധ്യാപകർക്കാണെന്നും യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
തുക റീ അലോട്ട് ചെയ്തു ; സ്കൂളുകൾക്ക് 124.71 കോടി വിനിയോഗിക്കാം
പൊതുവിദ്യാലയങ്ങൾക്ക് സർക്കാർ അനുവദിച്ച തുകയിൽ ഉപയോഗിക്കാൻ കഴിയാത്ത 124.71 കോടി രൂപ ഈ വർഷം വിനിയോഗിക്കാൻ അനുമതി. സംസ്ഥാനത്തെ 211 സർക്കാർ, എയിഡഡ് സ്കൂളുകളിൽ കിച്ചൻ കം സ്റ്റോർ യൂണിറ്റുകൾ നിർമിക്കാൻ കഴിഞ്ഞവർഷമാണ് 137.66 കോടി രൂപ അനുവദിച്ചത്. വർഷാവസാനമായതിനാൽ മിക്ക സ്കൂളുകൾക്കും ഈ തുക വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വി ശിവൻകുട്ടി തുക ഈ വർഷത്തേക്ക് റീ അലോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാൻ നിർദേശിച്ചു. തുടർന്ന് തുക ടിഎസ്ബി അക്കൗണ്ടിൽ താൽക്കാലികമായി നിക്ഷേപിച്ച് അതുപയോഗിച്ച് നിർമാണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. മാർച്ച് 31നകം തുക വിനിയോഗിക്കണം. മുൻകൂറായി തുക മാറുന്നതിനാൽ ബില്ലുകൾ ട്രഷറിയിൽനിന്ന് നിരസിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.















