തിരുവനന്തപുരം
തത്വത്തിൽ അംഗീകാരം ലഭിച്ച സിൽവർ ലൈൻ പദ്ധതിക്ക് നൂറു കോടി രൂപവരെ ചെലവു വരുന്ന പ്രവൃത്തികൾ ഇപ്പോൾ നടത്താം. അതുപ്രകാരമാണ് സിൽവർ ലൈൻ നിക്ഷേപ പൂർവ നടപടി പൂർത്തിയാക്കുന്നത്. സാമൂഹ്യാഘാത പഠനത്തിന് ഹൈക്കോടതി അനുവദിച്ച സാഹചര്യത്തിൽ അതിനുള്ള സൗകര്യമൊരുക്കാനാണ് അതിര് കണ്ടെത്തുന്നത്. പഠനത്തിനുശേഷം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ നിമയത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരമുള്ള സർവേ നടത്താനാകൂ. ലിഡാർ സാങ്കേതികവിദ്യയിലൂടെയാണ് ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയതെന്ന് കെ–- റെയിൽ അറിയിച്ചു.
ജിയാനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലിഡാർ സർവേ നടത്തിയത്. സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി സംസ്ഥാന റവന്യു വകുപ്പ് നടത്തുന്നത് പാതയുടെ അലൈൻമെന്റിന്റെ അതിർത്തി കണ്ടെത്തുകയും അതിരടയാള കല്ല് സ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ്. സർവേ അതിരടയാള നിയമത്തിലെ ആറ് (ഒന്ന്) വകുപ്പു പ്രകാരം ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടി നിയമപ്രകാരമെന്നാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.















