തിരുവനന്തപുരം
ഏകീകൃത സിവിൽകോഡിനായി ബിജെപിയും സംഘപരിവാർ സംഘടനകളും വർഗീയലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണത്തെ സഹായിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സർവേ. ‘ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കണോ ? ’ എന്ന ചോദ്യം ഉയർത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക് ട്വിറ്ററിൽ സർവേ നടത്തിയത്. ദേശീയതലത്തിൽ 94.3 ശതമാനം ഏകീകൃത സിവിൽകോഡിന് അനുകൂലമായും 4.1 ശതമാനം എതിരായും വോട്ട് ചെയ്തു. ഏഷ്യാനെറ്റ് മലയാളം ചാനൽ നടത്തിയ സർവേയിൽ 76.7 ശതമാനം അനുകൂലമായും 19.8 ശതമാനം എതിരായും വോട്ട് ചെയ്തുവെന്നും ഏഷ്യാനെറ്റ് അവകാശപ്പെടുന്നു.
സ്വന്തം വാർത്താ ചാനലിലുൾപ്പെടെ സർവേ നടക്കുന്ന സമയത്ത് പ്രചാരം നൽകിയില്ല. ട്വിറ്റർ ശ്രദ്ധിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ബഹുജനങ്ങൾ കൂടുതലുള്ള സമൂഹമാധ്യമങ്ങൾ ഒഴിവാക്കി ട്വിറ്ററിലൂടെ സർവേ നടത്തിയതും സംശയാസ്പദമാണ്. ‘സെലിബ്രിറ്റി’കളുടെ സോഷ്യൽമീഡിയ എന്നറിയപ്പെടുന്ന ട്വിറ്ററിന്റെ ബിജെപി അനുകൂല നിലപാട് നേരത്തേ ചർച്ചയായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമാണ്.
ചാനൽ നടത്തിയ അഭിമുഖത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ ഹിജാബിനെതിരെയും മറ്റും നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സർവേ. ഗവർണറുടെ ഈ നിലപാടിന് വ്യാപക പ്രചാരണമാണ് ദേശീയതലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക് നൽകുന്നത്.















