തിരുവനന്തപുരം
വി ഡി സതീശനെ മൂലയ്ക്കിരുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായം പറയുന്നതിനെച്ചൊല്ലി കോൺഗ്രസിൽ പുകയുന്ന അസ്വസ്ഥത പുതിയ തലത്തിൽ. ചെന്നിത്തലയെ പിന്തുണച്ച് കെ സുധാകരൻ ഇറങ്ങിയത് അടിയുടെ ആക്കംകൂട്ടി. വർക്കിങ് പ്രസിഡന്റ് പദവിയിലുള്ള കൊടിക്കുന്നിൽ സുരേഷിന് ചുമതല നൽകാത്തതും അന്തരിച്ച പി ടി തോമസിന് പകരം കെ സി ജോസഫിനെ വർക്കിങ് പ്രസിഡന്റ് ആക്കണമെന്ന ആവശ്യം നിരാകരിച്ചതും കെ സുധാകരന്റെ ഏകപക്ഷീയ നടപടിയാണെന്ന വാദം ശക്തമായി. തർക്കം രൂക്ഷമായതിനിടെ വെള്ളിയാഴ്ച കെപിസിസി നേതൃയോഗം വിളിച്ചു. കെപിസിസി സെക്രട്ടറി നിയമനവും ഡിസിസി പുനഃസംഘടന കുഴഞ്ഞുമറിഞ്ഞതും കണക്കിലെടുത്താണ് അടിയന്തര യോഗം വിളിച്ചത്. പുതിയ ചേരിതിരിവ് നിർവാഹക സമിതിയിലും പ്രതിഫലിക്കും. പുനഃസംഘടന എങ്ങനെയെങ്കിലും നടത്തിയെടുക്കാനാണ് കെ സുധാകരന്റെ നീക്കം. ജില്ലകളിൽ നിന്നെത്തിയ ജംബോ പട്ടിക വെട്ടിച്ചുരുക്കാനാണ് തീരുമാനം.
നിയമസഭയിൽ നിരാകരണപ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രതികരണത്തിൽ ഘടകകക്ഷികൾവരെ കടുത്ത അതൃപ്തിയിലാണ്. ഇതിനിടെയാണ് പാർടി നേതൃത്വത്തിന്റെ അവഗണനയിൽ പരാതി ഉയർത്തി കൊടിക്കുന്നിൽ സുരേഷ് ആഞ്ഞടിച്ചത്. വർക്കിങ് പ്രസിഡന്റ് പദവി ‘അക്കോമഡേഷൻ’ മാത്രമാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പി ടി തോമസിന് പകരം നിയമനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത് ഉമ്മൻചാണ്ടിയാണ്. എന്നാൽ, വർക്കിങ് പ്രസിഡന്റ് സ്ഥാനം അനാവശ്യമാണെന്ന വികാരമാണ് കെ സുധാകരനുള്ളത്.
ലോകായുക്ത ഭേദഗതി ഓർഡിനൻസ് വിവാദത്തിൽ പ്രതിപക്ഷനേതാവ് നിലപാട് വിശദീകരിക്കുമെന്ന് അറിയിച്ചിട്ടും അതിന് ചെവികൊടുക്കാതെ ചെന്നിത്തല ആദ്യം വാർത്താസമ്മേളനം നടത്തിയതാണ് സതീശനെ രോഷാകുലനാക്കിയത്. വാർത്താ സമ്മേളനത്തിനുമുമ്പ് ചെന്നിത്തല–-സുധാകരൻ കൂടിയാലോചന നടന്നിരുന്നുവെന്നാണ് വിവരം.















