കൊൽക്കത്ത
അഞ്ചു ദിവസം. മൂന്ന് വെടിക്കെട്ട് കളി. ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി–-20 ക്രിക്കറ്റ് പരമ്പരയുടെ ചുരുക്കമിതാണ്. മൂന്നിനും കൊൽക്കത്ത ഈഡൻ ഗാർഡനാണ് വേദി. ആദ്യത്തേത് ഇന്ന് രാത്രി ഏഴരയ്ക്ക്. തുടർന്ന് 18നും 20നും. കളി രാത്രിയായതിനാൽ ടോസ് നിർണായകമാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ് മുൻതൂക്കം. ഇവിടെ എട്ട് കളിയിൽ അഞ്ചും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. ഇന്ത്യയുടെ നാലിൽ മൂന്ന് വിജയവും ഇങ്ങനെതന്നെ. സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ല.
ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ, വിൻഡീസ് ട്വന്റി–-20 കളിക്കാൻ മിടുക്കരാണ്. കൂറ്റനടിക്കാരുടെ നിരതന്നെയുണ്ട്. ഇംഗ്ലണ്ടിനെതിരെ അവസാന പരമ്പര നേടി.
ലോകകപ്പിന് എട്ടു മാസമേയുള്ളു. അതിലേക്കുള്ള ഒരുക്കമായാണ് ഇന്ത്യ പരമ്പരയെ കാണുന്നത്. രോഹിത് ശർമയ്ക്കുകീഴിൽ പുതിയ തുടക്കമാണ് ലക്ഷ്യം. പരിക്കേറ്റ ലോകേഷ് രാഹുലിന്റെ അഭാവത്തിൽ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. ഏകദിനത്തിൽ തിളങ്ങാതെപോയ വിരാട് കോഹ്ലി മികച്ച സ്കോറിനായി കാത്തിരിക്കുന്നു.
ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ എന്നിവർക്കെല്ലാം സുവർണാവസരമാണ്. പരിക്കേറ്റ വാഷിങ്ടൺ സുന്ദറിനു പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി. കീറൺ പൊള്ളാർഡ് നയിക്കുന്ന ടീമിൽ നിക്കോളാസ് പുരാനും ഡാരെൻ ബ്രാവോയും കളി മാറ്റിമറിയ്ക്കാൻ കെൽപ്പുള്ളവരാണ്. ജാസൺ ഹോൾഡറും ഷായ് ഹോപും മിടുക്കരാണ്.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ചഹാർ, ശാർദൂൽ ഠാക്കൂർ, യുസ്വേന്ദ്ര ചഹാൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ.
വിൻഡീസ്: കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പുരാൻ (വൈസ് ക്യാപ്റ്റൻ), ഫാബിയൻ അലൻ, ഡാരൻ ബ്രാവോ, റോസ് സ്റ്റൺ ചേസ്, ഷെൽ ഡൺ കോട്രെൽ, ജാസൻ ഹോൾഡർ, ഷായ് ഹോപ് , കൈൽ മയേഴ്സ്, റോപ്മാൻ പവൽ, ഒഡീൻ സ്മിത്ത്.















