തലയോലപ്പറമ്പ്
സംസ്ഥാന സർക്കാരിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ(കെപിപിഎൽ) ഏപ്രിൽ പകുതിയോടെ ന്യൂസ് പ്രിന്റ് ഉൽപാദനം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിശ്ചിത സമയത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർത്ത് ട്രയൽ റണ്ണും ഏപ്രിലിൽ ഉദ്ഘാടനവും നടത്തും. പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതിന് 34.3 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങളാണ് നടക്കുന്നത്. മികവാർന്ന നിലയിൽ ഇത് പുരോഗമിക്കുകയാണെന്നും വെള്ളൂരിലെ ഫാക്ടറി സന്ദർശിച്ച് പുരോഗതി നേരിട്ട് വിലയിരുത്തിയ ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതുവർഷ ദിനത്തിലാണ് പഴയ എച്ച്എൻഎൽ അറ്റകുറ്റപ്പണിക്കായി തുറന്നത്.
കേന്ദ്രസർക്കാർ എച്ച്എൻഎൽ അടച്ചുപൂട്ടി വിൽപനയ്ക്ക് വച്ചപ്പോൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ആറ് വർഷമായി അറ്റകുറ്റപ്പണികളും ഇല്ലായിരുന്നു. ഇപ്പോൾ പ്രത്യേക സമയക്രമം പാലിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. മാർച്ചോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തന വിലയിരുത്തൽ നടത്തുകയും സഹായങ്ങൾ കൃത്യമായി ലഭ്യമാക്കുന്നുണ്ട്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ നിയമിച്ച 152 തൊഴിലാളികളും മാതൃകാപരമായാണ് സേവനമനുഷ്ഠിക്കുന്നത്. പുറത്തുനിന്നും ചെയ്യിച്ച പല ജോലികളും ഇവർ സ്വയം നിർവഹിക്കുന്നു. ശുചീകരണമടക്കമുള്ള ജോലികളിൽ എല്ലാവരും പങ്കാളികളാകുന്നത് ശുഭസൂചകമാണ്.
ഡീ ഇങ്കിങ് പ്ലാന്റിന്റെ 85 ശതമാനം അറ്റകുറ്റപ്പണികളും പൂർത്തിയായി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായി കെപിപിഎല്ലിനെ മാറ്റും.
94 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ തൊഴിലാളികളെ നിയമിക്കും. പേപ്പർ മെഷീൻ പ്ലാന്റ്, പൾപ്പ് മില്ല്, ഡി ഇങ്കിങ് പ്ലാന്റ്, വേസ്റ്റ് പേപ്പർ ഗോഡൗൺ, യൂട്ടിലിറ്റി പവർ പ്ലാന്റ്, പമ്പ് ഹൗസ് എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി മന്ത്രി നേരിട്ട് വിലയിരുത്തി. സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണനും ഒപ്പമുണ്ടായി.















