തിരുവനന്തപുരം –
കേരള സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി വീണ്ടും എസ്എഫ്ഐ. തെരഞ്ഞെടുപ്പ് നടന്ന 67 കോളേജിൽ 64ലും വിജയിച്ചു. തിരുവനന്തപുരത്ത് 32ൽ 30 ക്യാമ്പസിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. തിരുവനന്തപുരം ഇക്ബാൽ കോളേജും നഗരൂർ ശ്രീ ശങ്കരാചാര്യ വിദ്യാപീഠം കോളേജും കെഎസ്യുവിൽനിന്ന് തിരിച്ചുപിടിച്ചു. കൊല്ലത്ത് 18ൽ 17 കോളേജിലും വിജയിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് കെഎസ്യുവിൽനിന്നും ചാത്തന്നൂർ എസ്എൻ കോളേജ് കെഎസ്യു–- എബിവിപി സഖ്യത്തിൽനിന്നും പിടിച്ചെടുത്തു.
ആലപ്പുഴയിൽ സമ്പൂർണ വിജയമാണ് എസ്എഫ്ഐ നേടിയത്. തെരഞ്ഞെടുപ്പ് നടന്ന 15ൽ 15 ഇടത്തും വിജയിച്ചു. സെന്റ് മൈക്കിൾസ് കോളേജ് കെഎസ്യുവിൽനിന്നും ശ്രീ അയ്യപ്പ കോളേജ് എബിവിപിയിൽനിന്നും പിടിച്ചെടുത്തു. പത്തനംതിട്ടയിലെ രണ്ട് കോളേജിലും എസ്എഫ്ഐ യൂണിയൻ വിജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾതന്നെ 39 കോളേജിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.
സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. കെഎസ്യുവിനും എബിവിപിക്കും ഒപ്പം മറ്റ് വിദ്യാർഥി സംഘടനകളും സംയുക്തമായാണ് പല ക്യാമ്പസിലും മത്സരിച്ചത്. എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ച വിദ്യാർഥികളെ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ അഭിവാദ്യം ചെയ്തു.















