കോഴിക്കോട് > ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പോക്സോ കേസ് പ്രതി അഞ്ജലിയുടെ ആരോപണങ്ങൾ നിഷേധിച്ച് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി. അഞ്ജലിയുടേത് വെളിപ്പെടുത്തലല്ല. വെറും ആരോപണങ്ങൾ മാത്രമാണ്. തന്നെ ലഹരി കടത്തുകാരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.
നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിൻ, കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്ക് ലഹരി, മനുഷ്യക്കടത്ത് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പരാതിക്കാരിയുമായുള്ള സാമ്പത്തിക ഇടപാടിൽ തർക്കമുള്ളതിനാൽ ഇവർ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് അഞ്ജലിയും പറഞ്ഞു. ഇതോടെയാണ് വീണ്ടും കോഴിക്കോട് സ്വദേശി മാധ്യമങ്ങളെ കണ്ടത്.
സൈജു തങ്കച്ചൻ ചതിച്ചെന്ന് അഞ്ജലി സമ്മതിച്ചിട്ടുണ്ട്. നമ്പർ 18 ഹോട്ടലിൽ തന്നെയും പെൺകുട്ടികളെയും കൊണ്ടുപോയത് അഞ്ജലിയാണ്. ഇവരുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. അഞ്ജലിയുടെ അമ്മാവൻ ജ്യോതി പ്രകാശ് തന്നെ ഭീഷണിപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ അന്വേഷണം നടന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.
പോക്സോ കേസ്: അഞ്ജലി റീമ ദേവ് ഒളിവിലെന്ന് പൊലീസ്
ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് ഒളിവിലെന്ന് പൊലീസ്. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചതായി ഡിസിപി വി യു കുര്യാക്കോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പെൺകുട്ടികളെ കാറിൽ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യം ചെയ്തു. ആരോഗ്യകാരണങ്ങളാൽ ഹോട്ടൽ ഉടമ റോയി ജെ വയലാറ്റ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. പോക്സോ കേസ് പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ബുധനാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.