തിരുവനന്തപുരം:സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പാർട്ടിയുടെ ശാസന. രവീന്ദ്രൻ പട്ടയം വിവാദത്തിൽ പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കി പരസ്യ പ്രസ്താവനകൾ നടത്തിയതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ശിവരാമനെ ശാസിക്കാൻ തീരുമാനിച്ചത്.
ശിവരാമൻ റവന്യൂ വകുപ്പിന് എതിരെ നടത്തിയ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് പാർട്ടി വിലയിരുത്തി. സിപിഐ സമ്മേളന കാലമായതിനാലാണ് നടപടി ശാസനയിൽ ഒതുക്കുന്നതെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു. രവീന്ദ്രൻ പട്ടയം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം കൊടുക്കാനുള്ള തീരുമാനത്തെയാണ് ശിവരാമൻ എതിർത്തത്.
നേരത്തെ കഴിഞ്ഞ സെപ്റ്റംബറിലും കെകെ ശിവരാമന് പാർട്ടിയുടെ പരസ്യശാസന ലഭിച്ചിരുന്നു. ശ്രീനാരായണ ഗുരു ജയന്തിക്ക് പാർട്ടി മുഖപത്രമായ ജനയുഗം വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് ആരോപിച്ച് ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചതിനായിരുന്നു ഈ ശാസന. ഇതോടെ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രണ്ടാമത്തെ അച്ചടക്ക നടപടിയാണ് കെകെ ശിവരാമൻ നേരിടുന്നത്.
Content Highlights: CPI party disciplinary action against KK Sivaraman