ന്യൂഡൽഹി: കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചന അധികാരമാണെന്നും അതിൽ കോടതിക്കും ട്രിബ്യൂണലിനും ഇടപെടാൻ കഴിയില്ലെന്നുമുള്ള പിഎസ്സിയുടെ വാദം സുപ്രീം കോടതിതള്ളി. വിവിധ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ 2017-ലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. റാങ്ക് പട്ടിക നീട്ടുന്നതിൽ ചട്ടലംഘനം ഉണ്ടെങ്കിൽ മാത്രമേ കോടതികൾക്കും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനുംഇടപെടാൻ കഴിയുകയുള്ളു എന്ന പിഎസ്സിയുടെ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.
ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 ജൂണിൽ 30-ന് കാലാവധി കഴിയാറായ വിവിധ റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു. സർക്കാർ നൽകിയ മറ്റൊരു ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31-നും 2017 ജൂൺ 29-നും ഇടയിൽ കാലാവധി കഴിയുന്ന റാങ്ക് പട്ടികളുടെ കാലാവധി ആറ് മാസം കൂടി നീട്ടാൻ പിഎസ്സി തീരുമാനിച്ചിരുന്നു.
എന്നാൽ ആദ്യം കാലാവധി നീട്ടിയ പട്ടികയിൽ ഉള്ളവർക്ക് രണ്ടാമത്തെ നീട്ടലിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും പിഎസ്സി വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെ ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിൽ നാലര വർഷം കഴിയാത്ത എല്ലാ പട്ടികയിൽ ഉള്ളവർക്കും രണ്ടാമത് പട്ടിക നീട്ടാൻ എടുത്ത തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന് എതിരെ പിഎസ്സി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സുപ്രീം കോടതി ഉത്തരവോടെ 2017-ൽ രണ്ടാമതും കാലാവധി നീട്ടാത്ത ലിസ്റ്റിലെ ചില ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചേക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ പറഞ്ഞു.
പിഎസ്സിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ്കോൺസൽ സി.കെ. ശശി, വിവിധ കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ പി.എൻ. രവീന്ദ്രൻ, പി.വി. സുരേന്ദ്രനാഥ്, അഭിഭാഷകരായ റോമി ചാക്കോ, റോയി എബ്രഹാം, സുൽഫിക്കർ അലി, പി.എസ്. സുധീർ, ജയ്മോൻ ആൻഡ്രൂസ് എന്നിവർ ഹാജരായി.
Content Highlights:high court and tribunal can interefere in psc rank list extension says supreme court