കൊച്ചി > കാരൂർ നീലകണ്ഠപിള്ളയുടെ ‘പൊതിച്ചോർ’ എന്ന കഥയുടെ ചലച്ചിത്ര ആവിഷ്ക്കാരം ‘ഹെഡ്മാസ്റ്റർ’ ഏപ്രിൽ രണ്ടാംവാരം പ്രദർശനത്തിനെത്തും. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവ രാജ് നിർമിച്ച് രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമ്പി ആന്റണിയും ബാബു ആന്റണിയും സേതു ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഒന്നാം സാർ എന്ന പേരിൽ രാജീവ് നാഥും കെ ബി വേണും ചേർന്ന് എഴുതിയ തിരക്കഥയാണ് ഇപ്പോൾ സിനിമയാവുന്നത്. അന്ന് കഥ കേട്ട് ഇഷ്ടപ്പെട്ട മോഹൻലാൽ കേന്ദ്ര കഥാപാത്രമായ പ്രധാനധ്യാപകനായി അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാൽ അത് മുന്നോട്ട് പോയില്ല. പിന്നീട് ഇന്ദ്രൻസ് ആ വേഷത്തിൽ എത്തിയെങ്കിലും അതും നടന്നിരുന്നില്ല.
ജഗദീഷ്, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, സഞ്ജു ശിവരാം, സുധീർ കരമന, പ്രേംകുമാർ, മഞ്ജു പിള്ള, ദേവി, ആകാശ് രാജ്, ദേവനാഥ്, വേണു ജി വടകര എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമറ പ്രവീൺ പണിക്കർ, എഡിറ്റിങ് ബീന പോൾ. സംഗീതം കാവാലം ശിവകുമാർ. ഗാന രചന പ്രഭാ വർമ്മ. ആലാപനം ജയചന്ദ്രൻ, നിത്യ മാമ്മൻ. തിരുവനന്തപുരത്തായിരുന്നു സിനിമയുടെ ചിത്രീകരണം.