തിരുവനന്തപുരം: ഇടത് യൂണിയനുകൾക്കെതിരെ ഗുരതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കെ.എസ്ഇ.ബി ചെയർമാൻ ബി. അശോകിനെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകൾ അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയെന്ന ആരോപണം ബി. അശോക് ഉന്നയിച്ചതിന് പിന്നാലെയാണിത്.
വൈദ്യുതി ബോർഡിന്റെ ചെയർമാൻ അങ്ങനെ പറഞ്ഞത്എന്ത് അടിസ്ഥാനത്തിലാണെന്ന് എം.എം.മണി ചോദിച്ചു. നിലവിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻക്കുട്ടി അറിഞ്ഞാണോ അദ്ദേഹം അങ്ങനെ പറഞ്ഞത്. മന്ത്രി പറയേണ്ടത്അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാണോ എന്നതിന്റെ എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടുണ്ടെന്നും മണി പ്രതികരിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തും. വേണ്ട സമയത്ത് ആലോചിച്ച് മറുപടി പറയുമെന്നും എം.എം. മണി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിൽ നാലര വർഷമാണ് ഞാൻ മന്ത്രി ആയിരുന്നത്. ആ നാലര വർഷംവൈദ്യുതി ബോർഡിന്റെ സുവർണ കാലഘട്ടമായിരുന്നുവെന്ന് ഈ നാട്ടിൽ ഗവേഷണം നടത്തിയ ആളുകൾ പറയും – മണി കൂട്ടിച്ചേർത്തു.
ഇടതു യൂണിയനുകൾ അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയെന്ന ആരോപണം ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെഎസ്ഇബി ചെയർമാൻ ഉന്നയിച്ചത്. എം.എം മണി മന്ത്രിയായിരുന്ന സമയത്തെ അഴിമതികളാണ് ബി.അശോക് എണ്ണി പറഞ്ഞത്.
Read more – കടയ്ക്കു തീ പിടിച്ചിട്ടില്ല, നാട്ടുകാർ ഓടിവരേണ്ടതുമില്ല; കെഎസ്ഇബിയിൽ ക്രമക്കേടെന്ന് ചെയർമാൻ
Content Highlights : MM Mani on KSEB Chaimans allegation