തിരുവനന്തപുരം: യൂണിയനുകൾക്കെതിരേ വിമർശനം ഉന്നയിക്കുന്ന കെഎസ്ഇബി ചെയർമാന് ഗൂഢലക്ഷ്യമെന്ന് സിഐടിയു. അഴിമതി മൂടിവെയ്ക്കാനും രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമാണ് ചെയർമാൻ ശ്രമിക്കുന്നതെന്നും സിഐടിയു പ്രതികരിച്ചു. ഇടത് യൂണിയനുകൾ അധികാര ദുരുപയോഗം നടത്തിയെന്ന കെഎസ്ഇബി ചെയർമാൻ ബി അശോകിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സമരം ചെയ്യുന്ന സിഐടിയു നേതാക്കൾ.
അശോക് ചെയർമാനായി വന്നതിനു ശേഷം മേഖലയിൽ അഴമതിക്കുള്ള കളമൊരുക്കുന്നുവെന്നാണ് മനസ്സിലാക്കിയത്. അദ്ദേഹം ചെയർമാനായി ശേഷം എടുത്ത ഏത് തീരുമാനം പരിശോധിച്ചാലും അധികാര-ധന ദുർവിനിയോഗത്തിനുള്ള സാഹചര്യം കണ്ടതിനാലാണ് സിഐടിയു ഇടപെട്ടത്. ഇക്കാര്യം വൈദ്യുത മന്ത്രിയേയും അറിയിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ച പലകാര്യങ്ങളും അദ്ദേഹത്തിന്റെ അധികാരകാലത്ത് കൂടിയാണ് നടന്നതെന്നും യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
മുൻ ഇടതുസർക്കാരിന്റെ കാലത്ത് വൈദ്യുതിബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നായിരുന്നു ചെയർമാൻ ഡോ. ബി. അശോകിന്റെ വിമർശനം. ബോർഡ് ആസ്ഥാനത്തെ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാസേനയെ വിനിയോഗിച്ചതിനെതിരേ ഇടതു സംഘടനകൾ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പഴയ ക്രമക്കേടുകൾ ആരോപിച്ച് കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ കുറിപ്പ്. കഴിഞ്ഞ ശമ്പളപരിഷ്കരണം സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇക്കാര്യം എ.ജി. ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
Read more – കടയ്ക്കു തീ പിടിച്ചിട്ടില്ല, നാട്ടുകാർ ഓടിവരേണ്ടതുമില്ല; കെഎസ്ഇബിയിൽ ക്രമക്കേടെന്ന് ചെയർമാൻ
Content Highlights : CITU Against KSEB Chairmans allegation