ആലപ്പുഴ> സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി. കണിച്ചുകുളങ്ങര വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (എം എ അലിയാർ നഗർ) പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു.
ചൊവ്വ രാവിലെ ഒമ്പതിന് രജിസ്ട്രേഷനുപിന്നാലെ പുഷ്പാർച്ചനയോടെയാണ് സമ്മേളനം ആരംഭിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ദീപം തെളിയിച്ചു. നേതാക്കളടക്കം പങ്കെടുത്ത് പ്രകടനമായാണ് പ്രതിനിധികൾ എത്തിയത്. സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. .
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എം വി ഗോവിന്ദൻ, ടി എം തോമസ് ഐസക്, എ കെ ബാലൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് എന്നീ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ജില്ലയിലെ 45,100 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് ഏരിയാസമ്മേളനം തെരഞ്ഞെടുത്ത 180 പ്രതിനിധികളും 44 ജില്ലാകമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഉദ്ഘാടനശേഷം ജില്ലാസെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും. ബുധനാഴ്ചയും പൊതുചർച്ച തുടരും. മറുപടിക്കുശേഷം ജില്ലാകമ്മിറ്റിയെയും സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള അവസാന ജില്ലാ സമ്മേളനമാണ് ആലപ്പുഴയിലേത്. സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ4 വരെ എറണാകുളത്ത് നടക്കും.