വടക്കാഞ്ചേരി: അവന്റെ നഖം വളർന്നു തുടങ്ങി, തൂക്കവുംവച്ചു, പുലിക്കുട്ടിക്ക് പഴയ പോലെ മടിയിലിരുത്തി നിപ്പിളിട്ട കുപ്പിയിൽ പാലു കൊടുക്കാൻ ഇപ്പോൾ പ്രയാസപ്പെടുകയാണ് വടക്കാഞ്ചേരി അകമലയിലെ വനം വെറ്ററിനറി ക്ലിനിക്ക് അധികൃതർ. പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെത്തിയ പുലിക്കുട്ടിക്ക് ഇപ്പോൾ ഏകദേശം 40 ദിവസത്തെ വളർച്ച പിന്നിട്ടിരിക്കുകയാണ്. എന്നാൽ, പുലിക്കുട്ടി അകമലയിലെത്തി ഒരു മാസം പിന്നിട്ടിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് അകമല വെറ്റിനറി ക്ലിനിക്കിലെ ഡോക്ടർമാർ പറയുന്നു. ഇനിയും വെറ്ററിനറി കെയർ ഇവിടെ അസാദ്ധ്യമാണെന്ന് അവർ പറയുന്നത്.
കഴിഞ്ഞ ജനുവരി ഒമ്പതിനാണ് പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആൾ താമസമില്ലാത്ത വീട്ടിൽനിന്നും പുലിക്കുട്ടിയെ കണ്ടെത്തിയത്. പ്രസവിച്ച് നാലു ദിവസമെങ്കിലും ആയിട്ടുണ്ടെന്നാണ് അന്ന് വാളയാർ റെയ്ഞ്ചിലെ വനപാലകർ നൽകിയ സൂചന. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം പരിചരണത്തിന് ജനുവരി 13 – ന് രാത്രിയാണ് പുലിക്കുട്ടിയെ അകമല ക്ലിനിക്കിൽ കൊണ്ടുവന്നത്.
പുലിക്കുട്ടി ഇന്ന് നവജാതനിൽ നിന്നും നന്നായി വളർന്നു. 500 ഗ്രാം തൂക്കം ഉണ്ടായിരുന്നത് ഇപ്പോൾ 800 ഗ്രാമായി. നഖവും നന്നായി വളർന്നു തുടങ്ങിയതോടെ മടിയിലിരുത്തി പാൽ കൊടുക്കുന്നതിനു പരിചാരകരും ഭയക്കുന്നു. ആദ്യ ദിവസങ്ങളിൽ പുലിക്കുട്ടി നിലക്കാത്ത കരച്ചിലായിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടറാണ് പുലിക്കുട്ടിയുടെ കൂട്ടിൽ പാവയെ കൊണ്ടുവന്നു വെയ്ക്കാൻ നിർദ്ദേശിച്ചത്. പാവക്കുട്ടി കൂട്ടിനെത്തിയതോടെ കരച്ചിൽ നിലച്ചുവെന്നു മാത്രമല്ല പാവയെ പിടിച്ചുള്ള കളിയും തുടങ്ങി. ഒപ്പം ചേർന്നു കിടക്കുന്നതും കൗതുക കാഴ്ച്ചയാണ്.
എന്നാൽ പുലിക്കുട്ടി അകമലയിലെത്തി ഒരു മാസം പിന്നിട്ടിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരൊന്നും അകമലയിൽ എത്തിയിട്ടില്ല. അകമലയിൽ പരമാവധി നാലു മാസത്തിലധികം വെറ്ററിനറി കെയർ അസാദ്ധ്യമാണ്. വനം വകുപ്പിന്റെ ഉന്നതതലത്തിൽ നിന്നു നിലവിൽ ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട തുടർ നടപടികളിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. പരിചരണവും സംരക്ഷണവും എത്ര കാലം എന്നതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ വ്യക്തമല്ല.
പുലിക്കുട്ടിയെ പഴയപോലെ മടിയിലിരുത്തി നിപ്പിളിട്ട കുപ്പിയിൽ പാലു കൊടുക്കാൻ പ്രയാസപ്പെടുകയാണ് ഇപ്പോൾ പരിചാരകർ. മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലയിലെയും വനം വകുപ്പിലെയും വിവിധ മൃഗശാലകളിലെയും വെറ്ററിനറി ഡോക്ടർമാർ പരസ്പരം ചർച്ചകളിലൂടെയാണ് പരിചരണ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. നിലവിലെ ഭക്ഷണ രീതിയിൽ മാറ്റം അനിവാര്യമെന്ന് അകമലയിലെ വനം വെറ്ററിനറി ഓഫീസർ ഡോ.ഡേവീഡ് അബ്രഹാം മാതൃഭൂമി യോട് പറഞ്ഞു.
മാർജ്ജാര വിഭാഗത്തിൽപ്പെടുന്ന ജീവിയായതിനാൽ പൂച്ചകൾക്ക് നൽകുന്ന മികച്ച പൊടി ഉപയോഗിച്ചുള്ള പാൽ മാത്രമാണ് വിദ്ഗധരുടെ പാനൽ ആലോചിച്ച് നൽകുന്നത്. ക്ലിനിക്കിലെ വിദ്ഗധ പരിശീലനം ലഭിച്ച പരിചാരകർ 24 മണിക്കുറും ഏറെ ലാളനയോടെ പാൽ നൽകി പുലിക്കുട്ടിയുടെ പരിചരണം നിർവഹിക്കുന്നുണ്ട്. ദിവസവും 200 മില്ലി ലിറ്റർ പാൽ പുലിക്കുത്ത് കുടിക്കുന്നുണ്ട്.
ഇതേ പ്രായത്തിൽ കിട്ടിയ പുലിക്കുട്ടിയെ പോറ്റിവളർത്തിയ അനുഭവത്തിൽ പുലിക്കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ ആഹാര ക്രമത്തെക്കുറിച്ചു മഹാരാഷ്ട്രയിലെ നാഗ്പുർ മഹാരാജ ബാഗ് മൃഗശാലക്കാർ തയ്യാറാക്കിയ പഠന വീഡിയോ വഴി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയാണ് ഇവിടെ ഡോക്ടർമാരുടെ വിദഗ്ധസംഘം. പ്രായത്തിനനുസരിച്ചുള്ള ആഹാരക്രമം എന്നതിന്റെ അടിസ്ഥാനത്തിൽ ചിക്കൻ സൂപ്പ് നൽകി നോക്കിയെങ്കിലും അത് പുലിക്കുട്ടിക്ക് ഇതുവരെ സ്വീകാര്യമായിട്ടില്ല. ഖരാഹരം കൊടുക്കേണ്ട വളർച്ചയിലെത്തിയ പുലിക്കുട്ടിക്ക് അത് കൊടുത്തു തുടങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ക്രമേണ വേവിച്ച ഇറച്ചി ആദ്യം കൊടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ക്ലിനിക്കിലെ ഐ.പി യിലുള്ള പുലിക്കുട്ടിയുടെ ഒരോ ദിവസത്തെയും മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് വെറ്ററിനറിക്കാരുടെ കൂട്ടായ്മ. വനം വകുപ്പിന്റെ മേധാവികൾക്കും പരിചരണം, തൂക്കം എന്നിവ സംബന്ധിച്ച പ്രതിദിന റിപ്പോർട്ടും പുലിക്കുട്ടിയുടെ ഫോട്ടോഗ്രാഫുകളും ക്ലിനിക്കിൽ നിന്നു കൃത്യമായി പോകുന്നുണ്ട്. വന്യജീവി പരിപാലനത്തിൽ വിദഗ്ധപരിശീലനം ലഭിച്ചവരാണ് 24 മണിക്കൂറും അകമലയിൽ പുലിക്കുട്ടിയെ പരിചരിക്കുന്നത്.
അതേസമയം പുലിക്കുഞ്ഞിനെ വീണ്ടും തള്ളപുലി കൊണ്ടുപോകുന്നതിനായി അവിടെ കൊണ്ടുപോയി വെയ്ക്കണമെന്നാവശ്യവുമായി മൃഗസ്നേഹികൾ രംഗത്തുണ്ട്. പുലിക്കുട്ടിയെ വനത്തിൽ തനിയെ കൊണ്ടുപോയി വിടുക പ്രായോഗികമല്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. രണ്ട് കുട്ടികളിൽ ഒന്നിനെ നേരത്തെ തള്ളപുലി എടുത്തു കൊണ്ടുപോയിരുന്നു. വനം വകുപ്പിനും ഇത്തരം സാഹസിക പരീക്ഷണങ്ങളിൽ താത്പ്പര്യമില്ല. പുലി വിഷയത്തിൽ അകത്തേത്തറ ഭാഗത്ത് പ്രാദേശിക എതിർപ്പ് ശക്തമാണ്. പുലിക്കുട്ടിയുടെ നിലവിലെ പരിചരണത്തിൽ മാറ്റം അനിവാര്യമായതിനാൽ തുടർ നടപടികളിൽ വ്യക്തത വരുത്തേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനും, സംസ്ഥാന വനം മേധാവികളുമാണ്. അകമലയിലെ ക്ലിനിക്കിൽ പരിചരണം തികച്ചും അസാധ്യമായാൽ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി പാർപ്പിക്കാനാണ് കൂടതൽ സാധ്യത.
Content Highlights:It is no longer possible to give bottled milk The protection of the tiger cub in Akamala is uncerta