ആലപ്പുഴ> തൊഴിലാളിവർഗ പോരാട്ടത്തിൽ വീരേതിഹാസം രചിച്ച പുന്നപ്ര –- വയലാറിന്റെ നാട്ടിൽ സിപിഐ എം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കണിച്ചുകുളങ്ങര വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (എം എ അലിയാർ നഗർ) പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ആലപ്പുഴ ജില്ലാസമ്മേളനം ചേരുന്നത്.
ചൊവ്വ രാവിലെ ഒമ്പതിന് രജിസ്ട്രേഷനുപിന്നാലെ പുഷ്പാർച്ചനയോടെ സഗമ്മളനത്തിന് തുടക്കമായി. . പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ദീപം തെളിയിച്ചു. സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരൻ പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എം വി ഗോവിന്ദൻ, ടി എം തോമസ് ഐസക്, എ കെ ബാലൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
ജില്ലയിലെ 45,100 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് ഏരിയാസമ്മേളനം തെരഞ്ഞെടുത്ത 180 പ്രതിനിധികളും 44 ജില്ലാകമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിന്നുള്ള സംസ്ഥാനകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
ഉദ്ഘാടനശേഷം ജില്ലാസെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും. ബുധനാഴ്ചയും പൊതുചർച്ച തുടരും. മറുപടിക്കുശേഷം ജില്ലാകമ്മിറ്റിയെയും സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.