തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാത്തതിനാൽ തന്നെ പാർട്ടികളൊന്നും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടില്ല. അതേസമയം പി. ടിയുടെ വിയോഗത്തിന് പിന്നാലെ ചില നേതാക്കളുടെ പേരുകൾ വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വന്നിരുന്നു. എന്നാൽ സ്ഥാനാർഥി ചർച്ചകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഉണ്ടാകു എന്ന നിലപാട് നേതൃത്വം സ്വീകരിച്ചതോടെ ഈ ചർച്ചകളും അവസാനിക്കുകയായിരുന്നു. ഇതിനിടെയാണ് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
Also Read :
തൃക്കാക്കര നിയോജക മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ ജാഫർ മാലിക്കിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം വോട്ടിങ് യന്ത്രങ്ങള്‍ പ്രവർത്തന സജ്ജമെന്ന് ഉറപ്പുവരുത്തിയത്. ഇവ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രവർത്തനങ്ങൾക്കായി കലക്ടർ നോഡൽ ഓഫീസർമാരെയും നിയോഗിച്ച് കഴിഞ്ഞു.
ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്ന എംസിസി നോഡല്‍ ഓഫീസറായി ഫോർട്ട് കൊച്ചി സബ്‍കലക്ടര്‍ വിഷ്ണുരാജ്, വോട്ടർ ബോധവത്കരണത്തിനുള്ള നോഡല്‍ ഓഫീസറായി അസിസ്റ്റന്‍റ് കലക്ടർ സച്ചിന്‍ കുമാർ യാദവ്, ലോ ആന്‍ഡ് ഓർഡർ നോഡല്‍ ഓഫീസറായ് എഡിഎം എസ് ഷാജഹാൻ എന്നിവരെയാണ് നിയോഗിച്ചത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന മോക് പോളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി സി കെ പരീത് (സിപിഎം), നാഷാദ് പല്ലച്ചി (കോൺഗ്രസ്), കെഎൻ സജീവൻ (ബിജെപി) തുടങ്ങിയവർ പങ്കെടുത്തിരുന്നു. പി. ടി തോമസിന്‍റെ വിയോഗത്തെ തുടര്‍ന്നു തൃക്കാക്കര മണ്ഡലത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ പേരിലാണു വിജ്ഞാപനം. ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പിന്‍റെ തീയതിയും നടപടിക്രമങ്ങളും നിശ്ചയിച്ചു വിജ്ഞാപനം ഇറക്കുകയാണ് ചെയ്യുക.
Also Read :
മുന്നണികളൊന്നും സ്ഥാനാർഥി ചർച്ച ആരംഭിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലുൾപ്പെടെ വിവിധ നേതാക്കളുടെ പേരുകൾ നേരത്തെ ഉയർന്ന് കേട്ടിരുന്നു. ഇടതുസ്ഥാനാർഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജിന്‍റെയും കൊച്ചി മേയർ അനിൽകുമാറിന്‍റെയും പേരുകളാണ് ഇടതു അനുഭാവികളിൽ നിന്ന് ഉയർന്ന് വരുന്നത്. പി ടിയുടെ പിൻഗാമിയായി തൃത്താല മുൻ എംഎൽഎ വി ടി ബൽറാം വരണമെന്ന ആവശ്യം സൈബർ കോൺഗ്രസുകാർ ഉയർത്തുന്നുണ്ട്. ജില്ലയിൽ നിന്നുള്ള നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനും സാധ്യത ലഭിച്ചേക്കാം.