1250 വോട്ടർമാരിൽ കൂടുതൽ ഉള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. ഇത്തരത്തിൽ 75 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. അധിക ബൂത്തുകൾ കൂടി ചേരുമ്പോൾ മണ്ഡലത്തിലാകെയുള്ള പോളിങ് ബൂത്തുകളുടെ എണ്ണം 239 ആകുമെന്നും കലക്ടർ വ്യക്തമാക്കി. നിലവിൽ 194690 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 100375 സ്ത്രീകളും 94314 പുരുഷന്മാരും ഒരു ട്രാൻസ്ജൻഡർ വോട്ടറും ഇതിൽ ഉൾപ്പെടും.
Also Read :
തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസത്തിനു 10 ദിവസം മുൻപ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുവദിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. അതിനു ശേഷമാണ് ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുക.
ഉപതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങൾ നിലവിൽ കലക്ടറേറ്റിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ട്രോങ്ങ് റൂമിൽ അതീവ സുരക്ഷയിലായിരിക്കും യന്ത്രങ്ങൾ സൂക്ഷിക്കുക.
Also Read :
തൃക്കാക്കര നിയോജക മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കലക്ടർ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്ന എംസിസി നോഡല്‍ ഓഫീസറായി ഫോർട്ട് കൊച്ചി സബ്‍കലക്ടര്‍ വിഷ്ണുരാജ്, വോട്ടർ ബോധവത്കരണത്തിനുള്ള നോഡല്‍ ഓഫീസറായി അസിസ്റ്റന്‍റ് കലക്ടർ സച്ചിന്‍ കുമാർ യാദവ്, ലോ ആന്‍ഡ് ഓർഡർ നോഡല്‍ ഓഫീസറായ് എഡിഎം എസ് ഷാജഹാൻ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.