കണ്ണൂർ
ഏപ്രിൽ ആറുമുതൽ 10വരെ കണ്ണൂരിൽ നടക്കുന്ന 23––ാം പാർടി കോൺഗ്രസ് ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർടി കോൺഗ്രസ് പ്രചാരണാർഥം ഒരുക്കിയ ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ ആദ്യമായാണ് പാർടിയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. വിമാനത്താവളം വന്നതും മറ്റ് പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങിയതും കണ്ണൂർ വേദിയായി മാറാൻ കാരണമായി. കേന്ദ്ര സ്വാഗതസംഘത്തിന് പുറമെ ഏരിയ, ലോക്കൽ, ബ്രാഞ്ച്തലത്തിലും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ചെലവ് പൂർണമായും ജനങ്ങളിൽനിന്ന് ശേഖരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, സംഘാടകസമിതി നവമാധ്യമ സബ് കമ്മിറ്റി ചെയർപേഴ്സൻ എൻ സുകന്യ, കൺവീനർ പി സന്തോഷ് എന്നിവർ സംസാരിച്ചു.