തിരുവനന്തപുരം
തടസ്സം നീങ്ങിയതോടെ സിൽവർ ലൈൻ സാമൂഹ്യ ആഘാതപഠനത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കെ–-റെയിൽ. അന്തിമ പഠനറിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കണോയെന്ന് തീരുമാനിക്കൂവെന്നാണ് സർക്കാർ വ്യക്തമാക്കിയത്. പഠനത്തിന്റെ ഫലമായി ഏതെങ്കിലും ഭാഗത്ത് ജനങ്ങളെ കൂടുതൽ സഹായിക്കാനാകുമോയെന്ന് അറിയാനാണിത്. എവിടെയെങ്കിലും ഒഴിപ്പിക്കുന്നത് കുറയ്ക്കാനാകുമോയെന്നും അറിയേണ്ടതുണ്ട്. അതുകൊണ്ട്, അന്തിമ റിപ്പോർട്ട് നിർണായകമാകും.
എന്താണ് പഠിക്കുന്നത്
പാത കടന്നുപോകുന്ന പ്രദേശത്ത് ഏതെല്ലാം വിധ ബുദ്ധിമുട്ടുകൾ താമസക്കാർക്കും പരിസ്ഥിതിക്കും മറ്റ് ജീവജാലങ്ങൾക്കും വരുന്നുണ്ട്. എന്തൊക്കെ പരിഹാരം ചെയ്യാം, എങ്ങനെ ആഘാതങ്ങൾ ലഘൂകരിക്കാം –- ഇതാണ് പഠനത്തിന്റെ ലക്ഷ്യം. ആരെയൊക്കെ ബാധിക്കും, എന്തെല്ലാം സാമൂഹ്യ പ്രശ്നങ്ങളുണ്ടാകും, സ്ഥലം കൊടുക്കുന്നവർക്ക് എന്തെല്ലാം ബുദ്ധിമുട്ടുണ്ടാകാം. ഒരു പ്രത്യേക സ്ഥലത്ത് കൂടുതൽപേരെ ഒഴിപ്പിക്കാതെ പദ്ധതി നടപ്പാക്കാനാകുമെന്ന് പഠനം കണ്ടെത്തിയാൽ അതിന്റെ സാങ്കേതിക സാധ്യത നോക്കി അംഗീകരിക്കും.
വീടുകളിൽ നേരിട്ടെത്തി വിവരങ്ങളെടുക്കും. ആൾക്കൂട്ടങ്ങൾക്കിടയിലും മറ്റു ചർച്ചാ വേദികളിലും പൊതുവിൽ വരുന്ന അഭിപ്രായങ്ങൾ ശേഖരിക്കും. മാധ്യമ റിപ്പോർട്ടുകളും പരിശോധിക്കും. ഇവയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുണ്ടാക്കി ജില്ലാതല വിദഗ്ധസമിതിക്ക് നൽകും. സാങ്കേതിക–-പുനരധിവാസ വിദഗ്ധരും തദ്ദേശ ജനപ്രതിനിധികളും മറ്റുമുള്ള ഏഴംഗ സമിതിയാണിത്. ആവശ്യമായ മാറ്റങ്ങളും നിർദേശങ്ങളും സഹിതം കലക്ടർക്കും തുടർന്ന് സർക്കാരിനും സമർപ്പിക്കും. ഇവ ക്രോഡീകരിച്ച് സർക്കാർ മാറ്റങ്ങൾ നിർദേശിക്കും. അതിനുശേഷമേ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമാകൂ.
ആരാണ്
പഠിക്കുന്നത്
കേരളത്തിൽ സാമൂഹ്യാഘാത പഠനത്തിന് എംപാനൽ ചെയ്തിട്ടുള്ള ഏജൻസികളിൽനിന്ന് ടെൻഡർ വഴി തെരഞ്ഞെടുത്തവരാണ് പഠനം നടത്തുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ അതിർത്തികൾ കൃത്യമായി തിരിക്കാതെ പഠനം സാധ്യമല്ല. ഈ പ്രക്രിയ മാത്രമാണ് നടക്കുന്നതെന്ന് കോടതിക്കും ബോധ്യമാകുകയായിരുന്നു.
സിൽവർലൈൻ വിധി : തെറ്റിദ്ധരിപ്പിച്ചവർക്ക് തിരിച്ചടി
കേരളത്തിന്റെ വികസന സ്വപ്നത്തിന് ചിറക് നൽകുന്ന സിൽവർലൈനിനെതിരെ കള്ളക്കഥ മെനയുന്നവർക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. സുപ്രധാന പദ്ധതിക്കെതിരെ പ്രചരിപ്പിച്ച പച്ചനുണ വിശ്വസിച്ചാണ് ചില സ്ഥലമുടമകൾ കോടതിയെ സമീപിച്ചത്. ഏറ്റവും കുറഞ്ഞ അളവിൽ ഒഴിപ്പിക്കൽ, സ്ഥലം വിട്ടുനൽകുന്നവർക്ക് പരമാവധി നഷ്ടപരിഹാരം എന്നതാണ് സർക്കാർ നയം. താമസിക്കുന്ന സ്ഥലം വിട്ടുനൽകുമ്പോൾ വീട്ടുകാർക്കുണ്ടാകുന്ന സ്വാഭാവിക വൈകാരികതയാണ് മാധ്യമങ്ങളും പ്രതിപക്ഷവും മുതലെടുക്കുന്നത്. എന്നാൽ ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ, ബൈപാസുകൾ തുടങ്ങി അഞ്ചര വർഷത്തിനിടെ നടപ്പാക്കിയ വൻകിട പദ്ധതികൾക്ക് സ്ഥലം വിട്ടുകൊടുത്തവരാരും നിരാശരല്ല. അവരുടെയെല്ലാം അനുഭവ സാക്ഷ്യം കേരളത്തിലുണ്ട്. ഇവ മറച്ചുവച്ചാണ് ഏതാനും പേരെ പദ്ധതിക്കെതിരെ തിരിച്ചത്. ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ ഗതാഗത പ്രശ്നമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേന്ദ്രസർക്കാരിന്റെയുൾപ്പെടെ റിപ്പോർട്ടുകളുണ്ട്. ഗ്രാമീണ റോഡ് പോലെ കിടന്ന ദേശീയപാത വികസിക്കാൻ തുടങ്ങിയത് 2016 മുതലാണ്. വ്യവസായം, വിനോദ സഞ്ചാരം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയുടെ വികസനത്തിന് അടിസ്ഥാനപരമായി വേണ്ടത് ആധുനിക ഗതാഗത സൗകര്യമാണ്. ഈ രംഗങ്ങളിൽ വളർന്ന രാജ്യങ്ങളെല്ലാം പരിശോധിച്ചാൽ അത് വ്യക്തമാകും. വേഗത്തിലും സൗകര്യത്തിലും യാത്ര ചെയ്യാനാകണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇനിയും എന്തൊക്കെ ചെയ്യാം എന്നാണ് ഇപ്പോഴും സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വിരോധത്താലുള്ള എതിർപ്പുകളും പാരവയ്പുകളും പലതരം ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ മുന്നോട്ട് നയിക്കാനുള്ള അവസരം കളയരുതെന്നാണ് അത്തരക്കാരോടുള്ള സർക്കാരിന്റെ അഭ്യർഥന. വികസനം വേണമെന്ന ജനങ്ങളുടെ ഇച്ഛയ്ക്ക് ഹൈക്കോടതി വിധി ശക്തി വർധിപ്പിച്ചിരിക്കുന്നു.