പാരിസ്
വമ്പൻ പോരോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കം. ഇന്ന് പാരിസിൽ പിഎസ്ജിയും റയൽ മാഡ്രിഡും തമ്മിൽ മാറ്റുരയ്ക്കും. മാഞ്ചസ്റ്റർ സിറ്റി സ്പോർടിങ് സിപിയുമായി ഏറ്റുമുട്ടും. ലയണൽ മെസിയിലാണ് കണ്ണുകൾ. പിഎസ്ജിയിൽ ചേക്കേറിയശേഷം പതിവുതാളം കിട്ടിയിട്ടില്ല മെസിക്ക്. ബാഴ്സയിൽനിന്ന് ഈ അർജന്റീനക്കാരനെ പിഎസ്ജി കൊണ്ടുവന്നതുതന്നെ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ടാണ്. അതിന്റെ സമ്മർദമുണ്ട് മുപ്പത്തിനാലുകാരന്. ഫ്രഞ്ച് ലീഗിൽ മുന്നേറുമ്പോഴും ചാമ്പ്യൻസ് ലീഗ് പിഎസ്ജിക്ക് ഇപ്പോഴും കിട്ടാക്കനിയാണ്.
മറുവശത്ത് സ്പാനിഷ് ലീഗിൽ റയലും ആധിപത്യം തുടരുകയാണ്. പരിക്കുകളാണ് നിലവിലെ പ്രശ്നം. സ്വന്തം തട്ടകത്തിൽ മികച്ച കളി പുറത്തെടുക്കാനാകുമെന്നാണ് പിഎസ്ജിയുടെ പ്രതീക്ഷ. മെസി–കിലിയൻ എംബാപ്പെ സഖ്യം മിന്നിയാൽ മൗറീസിയോ പൊച്ചെട്ടീനോയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. പരിക്കു മാറിയെങ്കിലും ബ്രസീൽതാരം നെയ്മറുടെ കാര്യത്തിൽ ഉറപ്പില്ല. നെയ്മറില്ലെങ്കിൽ മെസി–എംബാപ്പെ സഖ്യത്തിനൊപ്പം ഏയ്ഞ്ചൽ ഡി മരിയ ചേരും. പ്രതിരോധത്തിൽ മുൻ റയൽ ക്യാപ്റ്റൻ സെർജിയോ റാമോസും സംശയത്തിലാണ്.
ഫ്രഞ്ച് കപ്പിൽ പുറത്തായതിന്റെ നിരാശയുണ്ട് പിഎസ്ജിക്ക്.റയൽനിരയിൽ പരിക്കുകാരണം മുന്നേറ്റക്കാരൻ കരിം ബെൻസെമ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കളിച്ചില്ല. ഫെർലാൻഡ് മെൻഡി, മരിയാനോ ഡയസ് എന്നിവർക്കും പരിക്കാണ്. ഇതിനിടെ സ്പാനിഷ് കിങ്സ് കപ്പിൽനിന്ന് പുറത്താകുകയും ചെയ്തു. ബെൻസെമയ്ക്ക് കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ കാർലോ ആൻസെലോട്ടി. വിനീഷ്യസ് ജൂനിയറാണ് ശ്രദ്ധേയതാരം. എതിർ തട്ടക ഗോൾ ആനുകൂല്യം ഒഴിവാക്കിയാണ് ഇക്കുറി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങൾ നടക്കുക.