നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വീഴ്ചയിൽ ഡിആർഐ വിഭാഗത്തിന്റെ ഇടപെടൽ. അനധികൃതമായി കടത്താൻ ശ്രമിച്ച 6.100 കിലോഗ്രാം സ്വർണം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ മിന്നൽപ്പരിശോധനയിൽ പിടിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന് സ്വർണവുമായി എത്തിയ ഏഴ് യാത്രക്കാരാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് മൂന്നു കോടിയിലേറെ രൂപ വില വരും.
സൗദി എയർ വിമാനത്തിൽ ജിദ്ദയിൽനിന്ന് എത്തിയ മുഹമ്മദ് അഷ്റഫ്, നൗഫൽ, സൈനുൽ ആബിദ്, അബ്ദുള്ള കരുവാൻതൊടി, സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ അലി അഷ്റഫ്, അൻസിൽ അബ്ദു റഹ്മാൻ, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ രതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എല്ലാവരും സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
നെടുമ്പാശേരി വിമാനത്താവളംവഴി വ്യാപകമായി സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതെന്നാണ് വിവരം. ഇവിടത്തെ കസ്റ്റംസ് വിഭാഗത്തിന്റെ അനാസ്ഥ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.