തിരുവനന്തപുരം
കോവിഡ് മൂന്നാംതരംഗത്തിൽ ജനുവരിയിൽ അടച്ച ഒമ്പതു വരെയുള്ള ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ സ്കൂളുകളിൽ പുനഃപ്രവേശനോത്സവമായി. ക്ലാസുകൾ ബാച്ചടിസ്ഥാനത്തിൽ വീണ്ടും തുടങ്ങിയ തിങ്കൾ രാവിലെ തൈക്കാട് മോഡൽ ഗവ. എൽപി സ്കൂൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. കോവിഡ് കാലത്തിനുശേഷം ആദ്യമായി തുറന്ന പ്രീ പ്രൈമറിയിലെ വിദ്യാർഥികൾക്കൊപ്പം മന്ത്രി ഒരു മണിക്കൂറിലേറെ ചെലവിട്ടു. സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ 117ൽ പകുതിപ്പേരെത്തിയിരുന്നു. ഇവർക്ക് മധുരവും കളിപ്പാട്ടങ്ങളും പൂക്കളും നൽകി അധ്യാപകരായ സുലേഖബീവിയും മേരിക്കുട്ടിയും സ്വീകരിച്ചു. കുട്ടികൾ മന്ത്രിക്ക് ചുറ്റുംകൂടി മുത്തം നൽകിയും മടിയിലിരുന്ന് പാട്ടുപാടിയും ആദ്യ ദിനം ആഹ്ലാദഭരിതമാക്കി. പ്രീപ്രൈമറിയിൽ എത്തേണ്ടവരിൽ സംസ്ഥാനത്താകെ 65ശതമാനവും ഹാജരായി.
സംസ്ഥാനത്ത് മുഴുവൻ സ്കൂളിലും ആദ്യ ദിനം ബാച്ച് അടിസ്ഥാനത്തിൽ പകുതി കുട്ടികളെത്തി. ഇവരുടെ ഹാജർ 82 ശതമാനം കടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. മോഡൽ സ്കൂളിലെത്തിയ വിദ്യാഭ്യാസമന്ത്രിയെ പ്രധാനാധ്യാപകൻ എം ഷാജിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഷൈൻമോൻ, ഉപഡയറക്ടർ എസ് സന്തോഷ് കുമാർ എന്നിവരും കൂടെയുണ്ടായി.
വിവാദങ്ങൾക്കല്ല; വിദ്യാഭ്യാസത്തിനാണ് പരിഗണന: മന്ത്രി
പൊതുവിദ്യാലയങ്ങൾ 21 മുതൽ വൈകിട്ടുവരെയാക്കുന്നത് കുട്ടികളുടെ പഠനം പൂർത്തിയാക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുടെ യോഗം ചൊവ്വാഴ്ച ചേരും. അവരുടെ അഭിപ്രായങ്ങൾ കേൾക്കും. വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി പറയുകയല്ല പഠനകാര്യത്തിൽ ജാഗ്രത പാലിക്കുകയാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു.
രണ്ട് വർഷത്തിനുശേഷം അങ്കണവാടികൾ തുറന്നു ; പാട്ടും ചിണുങ്ങലുമായി
അവരെത്തി
മാസ്കിന് മറയത്തെ പാല്‍പ്പുഞ്ചിരിയും പേരുചോദിച്ചുള്ള പരിചയപ്പെടലുകളും കൂട്ടുകാരെ ആദ്യമായി കാണുന്നതിന്റെ അത്ഭുതം നിറഞ്ഞ കണ്ണുകളും. നേരത്തേ പഠിച്ചുവച്ച പാട്ടുകൾ കൊഞ്ചല് വിട്ടുമാറാത്ത ശബ്ദത്തില്‍ പാടി ചിലർ ആദ്യദിവസംതന്നെ കൂട്ടുകാരെ കൈയിലെടുത്തു. രണ്ടുവര്‍ഷത്തിനുശേഷം അങ്കണവാടിയുടെ വാതില്‍ തുറന്നത് കുരുന്നുകളുടെ കുറുമ്പുകളിലേക്കായിരുന്നു.
രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടികളെ മധുരവും കളിപ്പാട്ടങ്ങളും നൽകിയാണ് വർക്കർമാർ സ്വീകരിച്ചത്. വർഷങ്ങൾക്കുശേഷം കുട്ടികൾ സമപ്രായക്കാർക്കൊപ്പം കളിചിരിയുമായി ഒന്നിച്ചതിൽ രക്ഷിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ അടച്ച അങ്കണവാടികളാണ് തുറന്നത്. കഴിഞ്ഞ ജനുവരിയിൽ അങ്കണവാടികൾ തുറക്കാനുള്ള ചർച്ചകൾ സജീവമായെങ്കിലും ഒമിക്രോൺ, മൂന്നാംതരംഗം എന്നിവ കാരണം തുറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തുമുതൽ പകൽ ഒന്നുവരെയാണ് പ്രവർത്തനം. 15ൽ അധികം കുട്ടികളുള്ള അങ്കണവാടികളിൽ രണ്ട് ബാച്ചായി തിരിച്ചാകും കുട്ടികളെ വരുത്തുക. ആദ്യ ബാച്ച് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും രണ്ടാം ബാച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും അങ്കണവാടികളിലെത്തും.