വൈപ്പിൻ
നാരായണൻകുട്ടിക്ക് ഈ അഞ്ചുരൂപ കൂപ്പണിന്റെ വിലമതിക്കാനാവില്ല. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ നിർമിക്കാൻ 1977ൽ ഇറക്കിയ അഞ്ചുരൂപ കൂപ്പൺ നിധിപോലെ നെഞ്ചോടുചേർത്ത് സൂക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഹുണ്ടികപ്പിരിവിനെത്തിയ പ്രവർത്തകർക്ക് മുന്നിലാണ് പള്ളത്താൻകുളങ്ങരയിൽ സ്വർണപ്പണി ചെയ്യുന്ന തുണ്ടിയിൽ നാരായണൻകുട്ടി ‘നിധി’ തുറന്നുകാണിച്ചത്.
കുഴുപ്പിള്ളി തുണ്ടിപ്പുറം സൗത്ത് ബ്രാഞ്ച് സെക്രട്ടറി സി കെ അനന്തകൃഷ്ണനും പാർടി പ്രവർത്തകരും പണിശാലയിൽ ഹുണ്ടികപ്പിരിവിന് എത്തിയപ്പോഴാണ് സംഭാവന നൽകിക്കൊണ്ട് ഒരു നിധി കാണിച്ചുതരാമെന്ന് നാരായണന്‍കുട്ടി പറഞ്ഞത്. പഴയ ഡയറി തുറന്ന് ഒരു ചുളിവുപോലും പറ്റാത്ത കൂപ്പൺ പുറത്തെടുത്തു. എ കെ ജിയുടെ ചിത്രത്തോടുകൂടിയുള്ള കൂപ്പൺ. എ കെ ജി സ്മാരക കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ഇ കെ നായനാരാണ് കൂപ്പണിൽ ഒപ്പിട്ടത്. അന്നത്തെ കുഴുപ്പിള്ളി ലോക്കൽ സെക്രട്ടറി പി പി തങ്കപ്പന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കൂപ്പൺ തന്നതെന്ന് നാരായണൻകുട്ടി ഓർമിക്കുന്നു.