പാലാ > തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണീച്ചറുകളും നൽകാമെന്ന് വാഗ്ദാനംനൽകി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി ലക്ഷങ്ങൾതട്ടിയ വയനാട് സ്വദേശി പിടിയിൽ. പെരിയ മുക്കത്ത് ബെന്നി ബേബി(43)യെയാണ് പാലാ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി 15 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തട്ടിച്ച തുക ഉപയോഗിച്ച് ലോഡ്ജുകളിൽ മാറി മാറി താമസിച്ച് സുഖചികിത്സയും ആർഭാടജീവിതവും നയിക്കുകയായിരുന്നു. സമാന കേസുകളിൽ പിടിയിലായി ആറ് മാസം മുമ്പാണ് ജയിൽ മോചിതനായത്. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ആറ് മാസമായി പാലായിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിവരികയായിരുന്ന പ്രതി കോട്ടയത്തെ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. വീടുകളിൽ സ്ത്രീകൾ മാത്രമുള്ള സമയത്തെത്തിയായിരുന്നു കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. 2000 രൂപയും അതിൽ താഴെയുമുള്ള തുകകളാണ് അഡ്വാൻസായി വാങ്ങിയിരുന്നത്. അതിനാൽ തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും പരാതിപ്പെട്ടിരുന്നില്ല. പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വന്നപ്പോൾ ഫോണിൽ വിളിക്കുന്ന ആളുകളോട് മോശമായി സംസാരിക്കുകയും സ്ത്രീകളോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദേശപ്രകാരം ഫർണീച്ചർ വാങ്ങാനെന്ന വ്യാജേന വനിതാ പൊലീസ് ഫോണിൽ ബന്ധപ്പെട്ട് പാലായിൽ വിളിച്ചുവരുത്തിയാണ് കുടുക്കിയത്. പാലാ എസ്എച്ച്ഒ കെ പി തോംസൺ, എസ്ഐ എം ഡി അഭിലാഷ്, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ, ഹരികുമാർ, സിപിഒ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്.
400 ജോടി ചെരുപ്പ്, മസാജിങ്, ബെന്നി നയിച്ചത് സുഖ ജീവിതം
സംസ്ഥാനത്താകെ ഗൃഹോപകരണ വിതരണത്തിന്റെ പേരിൽ ലക്ഷങ്ങൾതട്ടിയ വയനാട് പെരിയ സ്വദേശി ബെന്നി ബേബി നയിച്ചത് അതി സമ്പന്നരെ അതിശയിപ്പിക്കുന്ന സുഖ ജീവിതം. തട്ടിച്ച തുക ഉപയോഗിച്ച് മദ്യപാനവും സുഖചികിത്സയും നടത്തി ആർഭാട ജീവിതമാണ് ഇയാൾ നയിച്ചുവന്നത്. തട്ടിപ്പിന് ഇരയായി അന്വേഷിച്ച് ഫോണിൽ ബന്ധപ്പെട്ട സ്ത്രീകളോട് അശ്ലീലസംഭാഷണം നടത്തുന്നത് പതിവാക്കിയിരുന്നു ഇയാൾ.
നിരവധി പരാതികൾ ലഭിച്ചതോടെ ഇയാളെ കുടുക്കാൻ വനിതാപൊലീസ് ഓഫീസറെ നിയോഗിക്കുകയായിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം വിവിധ ഇനം ചെരുപ്പുകൾ വാങ്ങി കൂട്ടുന്നതിനും മസാജിങ് സെന്ററുകളിൽ തിരുമ്മുചികിത്സയ്ക്കുമായാണ് ചെലവഴിച്ചത്. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന് 400 ജോഡി ചെരുപ്പുകളും തട്ടിപ്പിന് ഉപയോഗിക്കാൻ കരുതിയിരുന്ന നിരവധി രസീത് കുറ്റികളും പൊലീസ് കണ്ടെടുത്തു.
സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ പത്തോളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. ഇയാളെ പിടികൂടിയത് അറിഞ്ഞ് വിവിധ ജില്ലകളിലുംനിന്ന് നൂറു കണക്കിന് ഫോൺകോളുകളാണ് പാലാ സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നത്.