തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി നിയമിച്ചതിൽ അതൃപ്തി വ്യക്തമാക്കിക്കൊണ്ട്സർക്കാരിന്റെ കത്ത്. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് സർക്കാർ കത്തിലൂടെ അറിയിച്ചു.
ഗവർണറുടെ അഡീഷണൽ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുൻ കൺവീനറുമായ ഹരി എസ് കർത്തയെ നിയമിക്കാൻ ഗവർണർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പിഎ ആയി സർക്കാർ നിയമിച്ചു. എന്നാൽ ഈ നിയമനത്തോടൊപ്പം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് സർക്കാർ നിയമനത്തിലുള്ള വിയോജിപ്പ് വ്യക്തമാക്കിയത്.
സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്വഴക്കം സംസ്ഥാനത്ത് ഇല്ല. മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി നേരിട്ട് ബന്ധം പുലർത്തുകയോ അല്ലെങ്കിൽ അത്തരത്തിൽ സജീവമായി ബന്ധമുള്ളവരേയോ നിയമിക്കുന്ന രീതിയും കേരളത്തിൽ ഇല്ല. അത്തരം ഒരു കീഴ്വഴക്കം തുടരുന്നത് തന്നെയാണ് നല്ലത്. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ഈ നിയമനം അംഗീകരിക്കുന്നു എന്ന് അറിയിച്ചു കൊണ്ടാണ് സംസ്ഥാന പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ കത്ത്.
Content Highlights: Governor recommends to appoint BJP state committee member as personal staff