കൊച്ചി > ഐഎൻഎസ് വിക്രാന്ത് ബോംബ് ഭീഷണിക്കേസിൽ സന്ദേശങ്ങളുടെ ഉറവിടം കൊച്ചിതന്നെയെന്ന് കണ്ടെത്തിയതായി സൂചന. ദേശീയ അന്വേഷണ ഏജൻസിയും നേവി ഐടി വിഭാഗവും ഐബിയും സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇ-മെയിൽ ഭീഷണിസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തിയത്. എന്നാൽ, അന്വേഷണ ഏജൻസികൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ സെപ്തംബറിലാണ് സെർവർ ഹോപ്പിങ് നടത്തി സന്ദേശങ്ങൾ അയച്ചത്. ഇങ്ങനെ ചെയ്യുമ്പോൾ വിദേശത്തെയടക്കം മറ്റേതെങ്കിലും സെർവറുകളിൽനിന്ന് സന്ദേശം അയച്ചതായാണ് കാണിക്കുക. രഹസ്യ മെയിലുകൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ സെർവറിൽനിന്ന് അയച്ചതായാണ് കണ്ടത്. ടോറസ് നെറ്റ്വർക്ക് വഴിയോ പ്രോട്ടോൺ നെറ്റ്വർക്ക് വഴിയോയാണ് സന്ദേശങ്ങളെല്ലാം എത്തിയതെന്നും കണ്ടെത്തിയിരുന്നു.
കേസിൽ മുപ്പതോളം നാവികസേനാ ഉദ്യോഗസ്ഥരെയും സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്ന കപ്പൽശാലാ ഉദ്യോഗസ്ഥരെയും പലതവണ വിവിധ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. നിരവധി മർച്ചന്റ് നേവി ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരുന്നു.
ഇന്ത്യ പൂർണമായും കൊച്ചി കപ്പൽശാലയിൽ നിർമിച്ച് നിരവധി സമുദ്രപരീക്ഷണങ്ങൾ പൂർത്തിയാക്കിയ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് ബോംബുവച്ച് തകർക്കുമെന്നായിരുന്നു നാലുതവണയായെത്തിയ ഭീഷണിസന്ദേശങ്ങൾ. കപ്പൽശാലയിലെ ഉദ്യോഗസ്ഥരുടെ ഇ-മെയിലുകളിലേക്കാണ് സന്ദേശം ആദ്യം വരുന്നത്. അവസാനസന്ദേശം എത്തിയത് കൊച്ചി സിറ്റിയിലെ എറണാകുളം സെൻട്രൽ, സൗത്ത് പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു.