ആലപ്പുഴ > കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് കെ നെല്ലുവേലിയടക്കമുള്ള വലിയ വിഭാഗം ഭാരവാഹികളും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക്. കുറച്ച് നേതാക്കളുടെ മാത്രം കൂട്ടമായി മാറിയ കേരള കോൺഗ്രസിൽ (ജോസഫ്), ഭാരവാഹികളുടെ യോഗമോ സ്റ്റിയറിങ് കമ്മിറ്റി യോഗമോ പോലും ചേരാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് ജോസഫ് കെ നെല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാല് വ്യത്യസ്ത പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത കേരള കോൺഗ്രസി (ജോസഫ്) ന്, പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ‘കർഷകപാർട്ടി’ എന്ന് വീമ്പ് പറഞ്ഞവർ, കർഷകദ്രോഹ നയങ്ങൾ, വിലക്കയറ്റം, ദാരിദ്ര്യം, പകർച്ചവ്യാധി ഇവയെപ്പറ്റി പ്രതികരിക്കാൻ പോലും കഴിവില്ലാത്ത സ്ഥിതിയിലായി. ഇന്ത്യ മുഴുവൻ അലയടിച്ച കർഷകസമരത്തിന് വേണ്ടി എന്തെങ്കിലും അനുഭാവ പരിപാടി പോലും സംഘടിപ്പിക്കാൾ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ലെന്നത് പാർട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.
ബിജെപി രാജ്യത്താകെ വളർത്താൻ ശ്രമിക്കുന്ന വർഗ്ഗീയതയെയും കുത്തക പ്രീണനനയങ്ങളെയും ചെറുക്കുകയും വിലക്കയറ്റത്തിനെതിരെ ബദൽ നയം നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടേണ്ടതുണ്ട്. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി പാർലിമെൻറിൽ നടത്തിയിട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ കർഷക താൽപ്പര്യം സംരക്ഷിക്കാനും വർഗ്ഗീയതയ്ക്കും കുത്തക പ്രീണന നയങ്ങൾക്കും എതിരെയുമായിരുന്നു. വ്യക്തമായ കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന് ശക്തി പകരുകയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ജോസഫ് കെ നല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും പറഞ്ഞു.
രാമങ്കരിയിൽ 26ന് ചേരുന്ന കൺവെൻഷനിൽ, കേരള കോൺഗ്രസി (മാണി ) ൽ ചേരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിജു സി ആൻ്റണി (യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) അലക്സ് മാത്യു ചെറുകാട് (കെഎസ്സി, മുൻ ജില്ലാ പ്രസിഡൻ്റ്) ബിനോയ് ഉലക്കപ്പാടി (യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ പ്രഥമ ചെയർമാർ ആൻറണി എം ജോൺ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിമാരായ വർഗീസ് മാത്യു നെല്ലിക്കൽ, ബൈജു ജോസ് നെറ്റിതറ, കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി ബിനീഷ് തോമസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.