തിരുവനന്തപുരം > അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനെതിരെ തെളിവെടുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കൊലചെയ്യാനുപയോഗിച്ച കത്തിയും വസ്ത്രങ്ങളും വലിച്ചെറിഞ്ഞ കുളത്തിനടുത്തായിരുന്നു തെളിവെടുപ്പ്. ഇവിടെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. പിന്നീട് അടുത്തുള്ള ചെടിക്കടയിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോളായിരുന്നു നാട്ടുകാരിൽ ചിലർ രാജേന്ദ്രനുനേരെ കയ്യേറ്റശ്രമം നടത്തിയത്. ആയുധം കണ്ടെത്തുക നിർണായകമാണ്. കുളത്തിൽ തെരച്ചിൽ നടത്താൻ സ്കൂബ ഡൈവിങ് ടീം പുറപ്പെട്ടിട്ടുണ്ട്.
ഞായറാഴ് ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടില് വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില് കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. സംഭവദിവസം കടയില്നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്ന്ന് സിസിടിവി ദൃശ്യങ്ങള് അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു.
സംഭവ ദിവസം പ്രതി രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്കൂട്ടര് ഡ്രൈവര്, പേരൂര്ക്കടയിലെ ഓട്ടോ ഡ്രൈവര് എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജേന്ദ്രന് സീരിയല് കില്ലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
രാജേന്ദ്രന് നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലംമുക്കിലേത്. 2014ല് തമിഴ്നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള് കൊലപ്പെടുത്തി. കവര്ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില് രണ്ട് കൊലപാതകങ്ങളും ഇയാള് നടത്തി. 2014 – 2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള് നടത്തിയത്.