തിരുവനന്തപുരം: കണ്ണൂരിൽ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയസംഭവം കേരളത്തിന്റെ ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന സംഭവം ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നിൽ. പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകൾ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്ത്രീകൾക്കുനേരെ ഏറ്റവും കൂടുതൽഅതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. 2021-ൽ സ്ത്രീകൾക്കെതിരെ 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 3549 പോക്സോ കേസുകളാണ് എടുത്തത്. കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി ഇടത് ഭരണം കേരളത്തെ മാറ്റി. സ്ത്രീപീഡന കേസുകളിൽ സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളാവുമ്പോൾ കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറാവുന്നില്ല. പിണറായി വിജയന്റെ ഭരണത്തിൽ ഒരൊറ്റ സ്ത്രീപീഡന കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുപിയെ അപമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Content Highlights : Fight between CPM Gangs is the reason behind Kannur Bomb Explossion says K. Surendran