തിരുവനന്തപുരം: സിൽവർലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ആശ്വാസം. സർവേ നടപടികൾ തുടരാമെന്ന് ഹൈക്കോടതി ഡിഷവിഷൻ ബെഞ്ച് ഉത്തരവിട്ടു. തങ്ങളുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലർ നൽകിയ ഹർജിയിൽ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്.സിൽവർ ലൈനിന്റെ സർവേ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളിൽ ഇടപെടുന്നതായി സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിയെ എതിർക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സാമൂഹ്യാഘാത പഠനത്തെ അടക്കം അത് ബാധിക്കും എന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു.
ഡിപിആറിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ സർക്കാരിനോട് നിർദേശിച്ചിരുന്നു. ഈ ആവശ്യം ഇപ്പോൾ ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. ഡിപിആർ സംബന്ധിച്ച് പ്രതിപക്ഷം അടക്കം കടുത്ത വിമർശനം ഉന്നയിക്കുന്നസാഹചര്യത്തിൽ ഇതും സർക്കാരിന് ആശ്വാസം നൽകുന്ന കാര്യമാണ്.
തങ്ങളുടെ ഭൂമിയിൽ നടക്കുന്ന സർവേ നടപടികൾക്കെതിരേ നാല് ഹർജികളിലായി പത്ത് പേരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് താത്കാലികമായി തടഞ്ഞിരുന്നത്.
Content Highlights : Government can go forward with survey procedures of SilverLine- High Court division bench