കൊച്ചി > പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി വി യു കുര്യാക്കോസ് പറഞ്ഞു. കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ല. പരാതിക്കാരിക്കെതിരെ അഞ്ജലി ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ല.
മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് റോയ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാത്തത് കോടതിയെ അറിയിക്കും. കോവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കുമെന്നും ഡിസിപി പറഞ്ഞു.
2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി.
ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചൻ, അഞ്ജലി എന്നിവരാണ് പ്രതികൾ. കോഴിക്കോട് സ്വദേശിയായ അഞ്ജലി വഴിയാണ് ഹോട്ടലിലേക്ക് പെൺകുട്ടികളെ എത്തിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കള്ളക്കേസാണെന്നും പണം സംബന്ധമായ തർക്കമാണ് പരാതിയുടെ കാരണമെന്നുമാണ് അഞ്ജലി ഫെയ്സ്ബുക്കിൽ പറഞ്ഞത്.