ന്യൂഡൽഹി
എൽഐസി പ്രാരംഭ ഓഹരി വിൽപ്പന(ഐപിഒ) നടപടി ഉടൻ ആരംഭിക്കും. മാർച്ച് 31ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് സർക്കാർ നീക്കം. വിൽപ്പന എൽഐസി ബോർഡ് തത്ത്വത്തിൽ അംഗീകരിച്ചു. എന്നാൽ, കരട് രേഖയിൽ ചില കാര്യങ്ങളിൽ ബോർഡ് വിശദീകരണം ആവശ്യപ്പെട്ടു. കരട് രേഖയിൽ(ഡിആർഎച്ച്പി) ബോർഡ് ദിവസങ്ങൾക്കുള്ളിൽ അംഗീകരിക്കും. അംഗീകാരം ലഭിച്ചാൽ സർക്കാർ ഇത് സെബിക്ക് സമർപ്പിക്കും. സാധാരണഗതിയിൽ സെബിയിൽനിന്ന് അനുമതി ലഭിക്കാൻ ഒരു മാസമെടുക്കും. എന്നാൽ, എൽഐസിയുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.വിദേശ നിക്ഷേപകരും വരും
1956ൽ അഞ്ച് കോടി മൂലധനത്തിൽ തുടങ്ങിയ എൽഐസിക്ക് നിലവിൽ 38 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. കേന്ദ്രസർക്കാരിന്റെ പൊതുമുതൽ വിറ്റഴിക്കൽ നടപടിയുടെ ഭാഗമായാണ് എൽഐസിയും വിൽക്കുന്നത്.വിദേശനിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ നീക്കം തുടങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20 ശതമാനത്തോളം ഓഹരി വിദേശനിക്ഷേപകർക്ക് കൈമാറും. എന്നാൽ, എൽഐസി ആക്റ്റിൽ വിദേശനിക്ഷേപത്തെക്കുറിച്ച് പരാമർശമില്ല. കേന്ദ്രസർക്കാരിന് പുറമെയുള്ള ഓഹരി ഉടമകൾക്ക് പരമാവധി അഞ്ച് ശതമാനം ഓഹരി മാത്രമേ കൈമാറാൻ പാടുള്ളുവെന്നും വ്യവസ്ഥയുണ്ട്.
വിദേശനിക്ഷേപകർക്ക് അവസരം ഒരുക്കണമെങ്കിൽ എഫ്ഡിഎ നിയമത്തിലും ഭേദഗതി കൊണ്ടുവരണം. പോളിസി ഉടമകൾക്ക് അഞ്ചുമുതൽ പത്ത് ശതമാനംവരെ ഓഹരി സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഓഹരി എടുക്കണമെങ്കിൽ എൽഐസി പോളിസി പാൻകാർഡുമായി ബന്ധിപ്പിക്കണം. ഡീമാറ്റ് അക്കൗണ്ടും തുറക്കണം. എൽഐസി വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തി.