ന്യൂഡൽഹി
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് വൻകിട ബാങ്ക് തട്ടിപ്പുകാരുടെ ആസ്ഥാനമാകുന്നു. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എബിജി ഷിപ്പ്യാർഡ് 22,842 കോടി ബാങ്കുകളിൽനിന്ന് തട്ടിച്ചതിന്റെ വിശദാംശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിബിഐ ഇതുവരെ കൈകാര്യം ചെയ്തതിൽ ഏറ്റവും വലിയ തട്ടിപ്പ് കേസാണിത്. മുന്നറിയിപ്പ് ലഭിച്ചിട്ടും കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്ന ആക്ഷേപമുണ്ട്. മുൻ വായ്പാതട്ടിപ്പുകളിൽ എന്ത് നടപടിയെടുത്തെന്ന ചോദ്യത്തിനും മോദി സർക്കാർ മറുപടി പറയേണ്ടി വരും.
ഗുജറാത്ത് സ്വദേശി നീരവ്മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വ്യാജരേഖ ചമച്ച് 14,000 കോടി തട്ടിച്ച് 2018ൽ രാജ്യം വിട്ടിരുന്നു. പിന്നീട്, ദാവോസ് ഉച്ചക്കോടിയിൽ നീരവ് മോദി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം എടുത്ത ഫോട്ടോ പുറത്തുവന്നു.
നിലവിൽ ബ്രിട്ടനിലെ ജയിലിലുള്ള നീരവിനെ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടില്ല.
ഗുജറാത്ത് ആസ്ഥാനമായ ‘സ്റ്റെർലിങ് ബയോടെക്’ കമ്പനിയുടെ ഉടമകളായ നിതിൻ സന്ദേശരയും ചേതൻ സന്ദേശരയും ആന്ധ്രാബാങ്ക് കൺസോർഷ്യത്തിൽനിന്ന് 5000 കോടി രൂപ വായ്പ തട്ടിച്ചശേഷം 2018ൽ നാടുവിട്ടിരുന്നു. ഗുരുതര സാമ്പത്തികത്തട്ടിപ്പ് നടത്തിയ 72 ഇന്ത്യക്കാർ രാജ്യം വിട്ടെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതിൽ രണ്ടുപേരെ മാത്രമാണ് തിരിച്ചെത്തിച്ചതെന്നും 2020 നവംബറിൽ കേന്ദ്രസർക്കാർ വിവരാവകാശനിയമപ്രകാരം മറുപടി നൽകിയിരുന്നു.