തിരുവനന്തപുരം
സോളാർ ലൈംഗിക പീഡനക്കേസിൽ സിബിഐ അന്വേഷക സംഘത്തിന് ഇതിനകം ലഭിച്ചത് സുപ്രധാന വിവരങ്ങൾ. കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ പര്യാപ്തമാണിവ. എന്നാൽ ഏതാനും ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം. പരാതിക്കാരുടെ മൊഴി എടുക്കൽ പൂർത്തിയാകുന്നതോടെ ഈ തെളിവുകൾ പൂർണമായി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്.
പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴിയെടുക്കൽ പൂർത്തിയാകുന്നതോടെ നേതാക്കളെ ചോദ്യം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എംഎൽഎ, ഉമ്മൻചാണ്ടിയുടെ സന്തത സഹചാരി തോമസ് കുരുവിള, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവരെയാണ് സിബിഐ ചോദ്യംചെയ്യാൻ ഒരുങ്ങുന്നത്.