പാലക്കാട്
മലമ്പുഴ ചെറാട് മലനിരകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന ഖജനാവിൽനിന്ന് മുക്കാൽ കോടി രൂപ ചെലവായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ, വ്യോമസേനാ ഹെലികോപ്റ്റർ, കരസേനാ സംഘങ്ങൾ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ്, എന്നിവർക്കുമാത്രം ചെലവായത് 50 ലക്ഷം രൂപ. മറ്റു ചെലവുകൾകൂടി കണക്കാക്കിയാൽ 75 ലക്ഷം വരുമെന്നാണ് ജില്ലാ ഭരണാധികാരികളുടെ വിലയിരുത്തൽ.
തിങ്കൾമുതൽ ബുധൻവരെ ജില്ലയിലെ അഞ്ഞൂറോളം പൊലീസുകാരുടെ സേവനം പൂർണമായും ഉപയോഗിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽനിന്ന് 40 പേരടങ്ങുന്ന ഫയർഫോഴ്സ് സംഘം, തണ്ടർബോൾട്ടിന്റെ 21 പേർ, എൻഡിആർഎഫിന്റെ 25 പേരുള്ള രണ്ട് യൂണിറ്റ്, വിവിധ സന്നദ്ധ സംഘടനകൾ, അമ്പതിലേറെ നാട്ടുകാർ എന്നിവർ 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. കരസേനയുടെ മദ്രാസ് റജിമെന്റൽ സെന്ററിലെ ഒമ്പത് അംഗ സംഘം റോഡ് മാർഗം സ്ഥലത്തെത്തി. ബംഗളൂരുവിൽനിന്ന് 21 പേരടങ്ങുന്ന പാരാ കമാൻഡോസ് കോയമ്പത്തൂർ സൂലൂർ സൈനിക താവളത്തിലിറങ്ങി റോഡ് മാർഗം മലമ്പുഴയിലെത്തി. കോസ്റ്റ്ഗാർഡിന്റെയും സൂലൂർ വ്യോമതാവളത്തിലെയും ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിന് ഉപയോഗിച്ചു. ഒരു വ്യക്തിയുടെ രക്ഷാ പ്രവർത്തനത്തിന് ഇത്രയധികം തുക ഖജനാവിലൂടെ ചെലവഴിക്കേണ്ടിവന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്.
അതിനിടെ ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ അഗ്നിരക്ഷാ ഓഫീസർക്ക് ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകി. യുവാവ് മലയിൽ കുടുങ്ങിയ ദൃശ്യങ്ങളടക്കം മാധ്യമങ്ങളിലൂടെ വന്നിട്ടും ശരിയായ ഇടപെടലുണ്ടായില്ലെന്നാണ് വിമർശം. യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല.