തിരുവനന്തപുരം
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളിൽ കേരളം മുന്നിലെന്ന് റിപ്പോർട്ട്. ഒരു രൂപ പോലും ദുർവിനിയോഗം ചെയ്തില്ലെന്നുമാത്രമല്ല പരമാവധി തൊഴിൽദിനം സൃഷ്ടിക്കുന്നതിലും സംസ്ഥാനം മുന്നിലെത്തി. ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് അടക്കം ബിജെപിയും കോൺഗ്രസും നേതൃത്വം നൽകുന്ന സംസ്ഥാനങ്ങൾ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലെ ഗ്രാമീണ വികസന–- പഞ്ചായത്ത് രാജ് സ്റ്റാൻഡിങ് കമ്മിറ്റി പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ധനദുർവിനിയോഗത്തിന്റെ കണക്കുള്ളത്.
തൊഴിലുറപ്പ് തുകയിൽ രാജ്യത്താകെ 4,20,869 തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. 974 കോടിയിലധികം രൂപയാണ് നഷ്ടമായത്. ഇതിൽ 65,445 കേസിൽ മാത്രമാണ് തുക തിരിച്ച് പിടിക്കാൻ തീരുമാനിച്ചത്. യുപിയിൽ ഏഴായിരത്തിലധികം തട്ടിപ്പുകൾ കണ്ടെത്തി. പ്രാഥമിക കണക്കെടുപ്പിൽ 21 കോടി കാണാനില്ല. കർണാടകത്തിൽ 174 കോടിയിലധികം ദുർവിനിയോഗം ചെയ്തു. ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും നൂറു കോടിയിൽപ്പരം വെട്ടിച്ചു. ബിഹാറിൽ 12.34 കോടിയും പഞ്ചാബിൽ 26.78 കോടിയും ഛത്തീസ്ഗഢിൽ 52.58 കോടിയും തട്ടി.
തൊഴിലുറപ്പ് പദ്ധതി ഏറ്റവും ഫലപ്രദമായി നടക്കുന്നത് കേരളത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര മാർഗനിർദേശത്തിന് വിധേയമായി കൃത്യമായി ഓഡിറ്റിങ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനം ലഭിക്കുന്നതും കേരളത്തിലാണ്. നഗരപ്രദേശത്തും തൊഴിലുറപ്പാക്കുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് മാത്രം. 75 തൊഴിൽദിനം പിന്നിട്ടവർക്ക് 1000 രൂപ ഉത്സവബത്തയും കേരളം നൽകുന്നുണ്ട്.