മലപ്പുറം
ദീർഘദൂര യാത്രക്കാർക്കുള്ള ടെലസ്കോപ്പിക് റിസർവേഷൻ റെയിൽവേ നിർത്തി. ഇതരസംസ്ഥാനങ്ങളിലേക്ക് നേരിട്ട് ഒന്നിലേറെ ട്രെയിനുകളിൽ ഒരേസമയം റിസർവേഷനുള്ള സൗകര്യമാണ് ഇല്ലാതാക്കിയത്. ഒറ്റ റിസർവേഷനിൽ ഒന്നിലേറെ ട്രെയിൻ യാത്ര എന്നതിന് പുറമെ, ടിക്കറ്റ് ചാർജിലും ഇളവുണ്ടായിരുന്നു. ദീർഘദൂര യാത്രക്കാർ ഇതോടെ പ്രയാസത്തിലാകും.
കേരളത്തിൽനിന്ന് നേരിട്ട് സർവീസ് ഇല്ലാത്ത സ്റ്റേഷനുകളിലേക്കാണ് ഈ സംവിധാനം പ്രധാനമായും ഗുണംചെയ്തത്. ട്രെയിനുകൾ കുറവുള്ള റൂട്ടിലും ടെലസ്കോപ്പിക് റിസർവേഷൻ സൗകര്യമായിരുന്നു. ആലപ്പുഴയിൽനിന്ന് പശ്ചിമ ബംഗാളിലേക്ക് നേരത്തെ ഹൗറ എക്സ്പ്രസിൽ നേരിട്ട് റിസർവേഷൻ സാധ്യമായിരുന്നു. ആലപ്പുഴ–-ചെന്നൈ എക്സ്പ്രസിൽ ഹൗറവരെ റിസർവേഷൻ ടിക്കറ്റ് ലഭിക്കും. ഇവർക്ക് ചെന്നൈയിൽനിന്ന് കൊറമാൻഡൽ എക്സ്പ്രസിൽ യാത്ര ചെയ്യാമായിരുന്നു–- ടിക്കറ്റ് നിരക്ക് 865 രൂപ. എന്നാൽ, ഇനിമുതൽ ആലപ്പുഴ–-ചെന്നൈ റിസർവേഷന് 430 രൂപയും ചെന്നൈ–-കൊൽക്കത്ത റിസർവേഷന് 695 രൂപയും വേണം. ആകെ 1125 രൂപ. 260 രൂപ അധികം.
ഉത്തരേന്ത്യൻ യാത്രക്കാരെയും റെയിൽവേ തീരുമാനം ബാധിക്കും. ടിക്കറ്റ് തീയതി മാറ്റാനുള്ള സൗകര്യം നേരത്തെ എടുത്തുകളഞ്ഞു. നിലവിലുള്ള ടിക്കറ്റ് റദ്ദാക്കി പുതിയത് എടുക്കാൻ ക്യാൻസലേഷൻ ചാർജും ഈടാക്കും. രണ്ട് ടിക്കറ്റായതിനാൽ രണ്ടിനും ക്യാൻസലേഷൻ ചാർജ് നൽകണം.