തിരുവനന്തപുരം
പുതിയ റോഡുകളും പാലങ്ങളും നിർമിക്കുമ്പോൾ നിർമാണത്തിന്റെ ഓരോ ഘട്ടവും ജനങ്ങൾക്ക് നേരിട്ടറിയാൻ വഴിയൊരുങ്ങി. പൊതുമരാമത്ത് നിർമാണങ്ങളുടെ പുരോഗതി ഓൺലൈനിൽ അറിയാനുള്ള സംവിധാനം ഒരുമാസത്തിനകം തയ്യാറാകും. ഇതിനായുള്ള പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ഉടൻ പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പിൽ പദ്ധതി ആരംഭിച്ചാൽ പൂർത്തിയാക്കുന്നതു വരെ എല്ലാ ഘട്ടവും ഓൺലൈൻ സംവിധാനത്തിന്റെ ഡാഷ്ബോർഡിൽ ചിത്രസഹിതം രേഖപ്പെടുത്തും.
റോഡ്, പാലം എന്നിവയുടെ നിർമാണം എപ്പോൾ ആരംഭിക്കും, അവസാനിക്കും, എത്ര പുരോഗമിച്ചു എന്നെല്ലാം ഞൊടിയിടയിൽ അറിയാം. പ്രവൃത്തി മുടങ്ങിയാൽ എപ്പോൾ പുനരാരംഭിക്കും എന്ന വിവരവും ഉൾപ്പെടുത്തും. വകുപ്പു മേധാവി, കലക്ടർ, സ്റ്റേറ്റ് നോഡൽ ഓഫീസർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് വിവരം പുതുക്കാം. എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർക്ക് നിർമാണം സംബന്ധിച്ച ആക്ഷേപം ഉന്നയിക്കാനും അവസരമുണ്ട്. അതോടൊപ്പം നിർമാണ പ്രവൃത്തിയിൽ ഏതെങ്കിലും സാഹചര്യത്തിൽ മാറ്റം വരുത്തേണ്ടിവന്നാൽ അതും മുൻകൂട്ടി അറിയിക്കും.