കോലഞ്ചേരി
“കിടപ്പാടമില്ലാത്ത നാലു കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സൗജന്യമായി മൂന്നുസെന്റുവീതം ഭൂമി നൽകണം.’– തീരുമാനമെടുക്കുമ്പോൾ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ മരങ്ങാട്ടുള്ളി കരിമാങ്കുഴിയിൽ കെ വി ബേബിയ്ക്ക് ഇതിൽ സിപിഐ എമ്മിന്റെ പങ്കാളിത്തം വേണമെന്നതിൽ സംശയമുണ്ടായിരുന്നില്ല. ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായ മഹാപ്രസ്ഥാനത്തെ ആഗ്രഹം അറിയിച്ചു.
ഭൂരഹിതരായ നാലു കുടുംബങ്ങൾക്ക് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാകണം സഹായമെന്നും ബേബി ആഗ്രഹിച്ചു.
കോവിഡിൽ ഗൃഹനാഥയെ നഷ്ടമായ നിർധനകുടുംബത്തിന്റെ ദുരിതമാണ് ബേബിയെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്. സ്വന്തമായി വീടില്ലാതിരുന്ന 121 കുടുംബങ്ങൾക്ക് ജില്ലയിൽ കനിവ് ഭവനമൊരുക്കിയ പാർടിയുടെ പ്രവർത്തനമാണ് സ്ഥലം കൈമാറാൻ പ്രേരണയായത്. നാലു കുടുംബങ്ങൾക്ക് ഭൂമി ആധാരംചെയ്ത് നൽകാനുള്ള ഏർപ്പാട് സിപിഐ എം നേതൃത്വത്തിൽ നടത്തി. തിരുവാണിയൂർ പുളിനിരപ്പേൽ രാജപ്പൻ, പാലപ്പിള്ളിൽ സജീവൻ, പനച്ചിവേലിൽ ബിജു, പിറവം വള്ളൂവാട്ടിൽ ജെയിനി എന്നിവരാണ് അവകാശികളായത്.
ബേബിക്ക് തിരുവാണിയൂർ മേപ്പാടത്ത് പിതൃസ്വത്തായി ലഭിച്ച ഭൂമിയാണ് കൈമാറിയത്. പഴുക്കാമറ്റത്ത് നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഭൂരേഖ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശൻ അധ്യക്ഷനായി. പി വി ശ്രീനിജിൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ തുടങ്ങിയവർ സംസാരിച്ചു.