തിരുവനന്തപുരം
പഠനം പൂർത്തിയാക്കുന്ന മെഡിക്കൽ വിദ്യാർഥികൾ “മഹർഷി ചരക ശപഥം’എടുക്കണമെന്ന ദേശീയ മെഡിക്കൽ കമീഷൻ തീരുമാനത്തിൽ സംസ്ഥാനത്തും വ്യാപക പ്രതിഷേധം. രാജ്യത്തെ ആരോഗ്യമേഖലയെ ഹിന്ദുത്വവൽക്കരിക്കുന്ന നടപടിയിൽ മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും മറ്റ് സംഘടനകളും വിയോജിപ്പ് അറിയിച്ചു. ഇത്തരം പ്രതിജ്ഞകൾ ആ ഗോള കാഴ്ചപ്പാടിലും വർണ, വംശ, ലിംഗ ജാതീയ കാഴ്ചപ്പാടുകൾക്കും അതീതമാകണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം.
“മതപരവും സ്ത്രീവിരുദ്ധവുമാണ് ചരക ശപഥം. വിദ്യാഭ്യാസത്തിനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ട്. അവിടെയാണ് എല്ലാ മതക്കാർക്കും ലിംഗക്കാർക്കും വേണ്ടി പ്രതിജ്ഞ പരിഷ്കരിച്ചിട്ടുണ്ടെന്ന് ചിലർ വലിയ സംഭവമെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത് തെറ്റാണ്. സ്ത്രീകളെ പരിശോധിക്കുമ്പോൾ ഭർത്താവിന്റെയോ അടുത്ത ബന്ധുവിന്റെയോ സാന്നിധ്യം വേണമെന്ന അടിസ്ഥാനരഹിത വസ്തുതകൾ നിറഞ്ഞതാണ് ഈ ശപഥം. കൂടുതലായി ജോലി ചെയ്യുന്നതിനെ പ്രശംസിക്കുന്നു. ജോലിസമയം യോഗ്യമായ വസ്ത്രം ധരിക്കുമെന്ന് പറയുന്നു. എന്താണ് ഈ യോഗ്യമായ വസ്ത്രധാരണ രീതി?’- തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനി ദേവു ജയൻ ചോദിക്കുന്നു.
വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ആരോഗ്യമേഖലയിൽപ്പോലും ആർഎസ്എസ് അജൻഡ കൊണ്ടുവരാനുള്ള ശ്രമത്തിൽനിന്ന് മെഡിക്കൽ കമീഷൻ പിൻമാറണമെന്നാണ് ആവശ്യം.