തിരുവനന്തപുരം
എന്തിനും ഏതിനും ചാടിക്കയറി അഭിപ്രായം പറയുന്ന മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വായ്മൂടിക്കെട്ടാൻ കോൺഗ്രസിൽ പടയൊരുക്കം. അടുത്തകാലത്ത് ഏത് വിഷയത്തിലും പ്രതിപക്ഷത്തുനിന്ന് പ്രതികരിക്കാൻ ആദ്യം രംഗത്ത് വന്നത് ചെന്നിത്തലയാണ്.
ഏറ്റവും ഒടുവിൽ ലോകായുക്ത ഓർഡിനൻസിനെതിരെ നിയമസഭയിൽ ‘നിരാകരണ പ്രമേയം’ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് കെപിസിസി നേതൃത്വത്തെയും ഞെട്ടിച്ചു. കോൺഗ്രസോ യുഡിഎഫോ തീരുമാനിക്കാത്ത കാര്യമാണിത്. ഇങ്ങനെ കയറൂരി വിട്ടാൽ തിരിച്ചടിയാകുമെന്നാണ് വി ഡി സതീശന്റെ നിലപാട്. എന്നാൽ, ചെന്നിത്തലയുടെ രീതി തുടരട്ടെ എന്നാണ് പല മുതിർന്ന നേതാക്കളുടെയും അഭിപ്രായം.
തന്നെ ചവിട്ടിത്താഴ്ത്തിയതിലുള്ള അമർഷം തന്നെയാണ് സ്വതന്ത്ര പ്രതികരണങ്ങളിലൂടെ ചെന്നിത്തല പ്രകടമാക്കുന്നത്. തനിക്ക് കെപിസിസി അധ്യക്ഷനുമായി പ്രശ്നമൊന്നുമില്ലെന്നാണ് ഞായറാഴ്ച ചെന്നിത്തല പ്രതികരിച്ചത്.
പല വിഷയത്തിലും ചെന്നിത്തലയും സതീശനും രണ്ട് തട്ടിലുമാണ്. ആരാണ് യഥാർഥ പ്രതിപക്ഷ നേതാവ് എന്നാണ് പാർടി പ്രവർത്തകരുടെ സംശയം. ഈ ആശയക്കുഴപ്പം ഒഴിവാക്കണമെന്നും കെപിസിസി നേതൃത്വം ഇക്കാര്യം ചെന്നിത്തലയെ അറിയിക്കണമെന്നുമാണ് സതീശൻ പക്ഷത്തുള്ളവരുടെ പരാതി. മന്ത്രി ആർ ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയിൽ പരാതി കൊടുത്തതും ഡി ലിറ്റ് വിവാദത്തിലേക്ക് രാഷ്ട്രപതിയെ വലിച്ചിഴച്ചതും പാർടിയിൽ ആലോചിച്ചില്ല.
ഈ രണ്ട് വിഷയത്തിലും പാർടിക്ക് നേട്ടമുണ്ടായില്ലെന്നും സതീശൻ അനുയായികൾ കുറ്റപ്പെടുത്തുന്നു. എന്നാൽ, ചെന്നിത്തലയുമായി അത്തരം പ്രശ്നമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.