തിരുവനന്തപുരം
കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ സുധാകരൻ തുടരണോ വേണ്ടയോ എന്നൊക്കെയുള്ള കാര്യങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. കെപിസിസി ഓഫീസിൽ പോകുമ്പോൾ കാണുന്നുവെന്നല്ലാതെ മറ്റൊരു ബന്ധവും സുധാകരനുമായി ഇല്ല. എന്നാൽ, മുല്ലപ്പള്ളി അധ്യക്ഷനായിരിക്കെ നൽകിയ ചുമതലകളെല്ലാം ഭംഗിയായി നിർവഹിച്ചു. ഇപ്പോൾ ‘വർക്കിങ് പ്രസിഡന്റ് ’ സ്ഥാനം അക്കോമഡേഷൻ മാത്രമാണ്.
എ കെ ആന്റണി, ഉമ്മൻചാണ്ടി, ചെന്നിത്തല തുടങ്ങി നേതാക്കളെ വെറുതെവിടാത്ത സുധാകരന്റെ സൈബർസംഘം തനിക്കെതിരെയും രംഗത്തുവന്നതിൽ അത്ഭുതമില്ല. സോഷ്യൽമീഡിയകൊണ്ട് നേതാവാകുക എന്റെ രീതിയല്ല. ഡിസിസികളിൽ ജംബോ കമ്മിറ്റി വേണ്ടെന്ന് പറയുമ്പോഴും സ്ഥാനമുള്ള നേതാക്കളെ മാത്രമേ പ്രവർത്തകർ അംഗീകരിക്കൂവെന്നത് യാഥാർഥ്യമാണ്. തന്റെ പ്രവർത്തനമേഖല കേരളത്തിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊടിക്കുന്നിൽ പറഞ്ഞു.