വാഷിങ്ടൺ> ഉക്രയ്ൻ വിഷയത്തിൽ നയതന്ത്ര പരിഹാരം കാണാൻ ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ശനിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഇത് പറഞ്ഞത്. എന്നാൽ, റഷ്യ ഉക്രയ്ൻ ആക്രമിച്ചാൽ ഉടനടി ശക്തമായി തിരിച്ചടിക്കും. ഏത് സാഹചര്യവും നേരിടാൻ പാശ്ചാത്യ രാജ്യങ്ങൾ പൂർണസജ്ജമാണെന്നും ബൈഡൻ പുടിനെ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇരുപതിന് ബീജിങ് ശൈത്യകാല ഒളിമ്പിക്സ് അവസാനിക്കും മുമ്പ് റഷ്യൻ ആക്രമണമുണ്ടാകുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മുന്നറിയിപ്പ് നൽകിയിരുന്നു.തുടർന്നാണ് ബൈഡൻ പുടിനുമായി സംസാരിച്ചത്.
റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം
മണിക്കൂറോളം സംസാരിച്ചിട്ടും റഷ്യയുടെ പ്രധാന ആശങ്കകളെപ്പറ്റി മൗനമെന്തെന്ന് ബൈഡനോട് പുടിൻ. റഷ്യയുടെ സുരക്ഷാ ആശങ്കകളെപ്പറ്റിയും ഭാവിയിൽ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ചുമാണ് ബൈഡൻ പ്രധാനമായി സംസാരിച്ചത്. എന്നാൽ, കിഴക്കൻ യൂറോപ്പിലേക്ക് നാറ്റോയുടെ സൈനിക വ്യാപനം, ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കരുത് തുടങ്ങിയ റഷ്യ ഉയർത്തുന്ന പ്രധാന വിഷയങ്ങളിലാണ് ചർച്ച വേണ്ടതെന്ന് പുടിൻ സംഭാഷണത്തിൽ വ്യക്തമാക്കി–- ക്രെംലിൻ അറിയിച്ചു.
ജനുവരി 26ന് നാറ്റോയും അമേരിക്കയും റഷ്യക്ക് നൽകിയ സുരക്ഷാ ഉപദേശങ്ങൾ ആവർത്തിക്കുകയാണ് ബൈഡൻ പ്രധാനമായും ചെയ്തത്. നിർദേശങ്ങൾ റഷ്യ ഇതിനോടകം പഠിച്ചു കഴിഞ്ഞതായും ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ക്രെംലിൻ അറിയിച്ചു.